മുന്‍ കാമുകനൊപ്പം ഐശ്വര്യ റായി;ചിത്രങ്ങള്‍ പ്രചരിയ്ക്കുന്നത് റാണി മുഖര്‍ജിയുടെ പേജിലൂടെ
മുംബൈ:ബോളിവുഡിലെ ഗോസിപ്പുകള്‍ എപ്പോഴും സിനിമകളെക്കാള്‍ വിചിത്രമാണ്. ബ്രേക്ക് അപ്പ് ആവുന്നതും വീണ്ടും ഒന്നിയ്ക്കുന്നതും, മറ്റൊരാളെ പ്രണയിച്ച് വിവാഹം ചെയ്യുന്നതും എല്ലാം സര്‍വ്വ സാധാരണം. അതേ സമയം ബോളിവുഡ് സിനിമാ ഇന്റസ്ട്രി ഗോസിപ്പുകള്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കാറും ഉണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായിയെ സംബന്ധിച്ച ഒരു ഗോസിപ്പ് പ്രചരിച്ചുകൊണ്ടിരിയ്ക്കുന്നു.
നിത അംബാനിയുടെ കള്‍ച്ചര്‍ ഹംമ്പ് പരിപാടിയ്ക്ക് പോകുന്ന തിരക്കിലായിരുന്നു ബോളിവുഡ് സിനിമാ ലോകം മുഴുവന്‍. കുടുംബത്തിനൊപ്പമാണ് എല്ലാവരും പങ്കെടുക്കുന്നത്. എന്നാല്‍ ഐശ്വര്യ റായിക്കൊപ്പം ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ ഇല്ല. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ചടങ്ങിന് ഇടയില്‍ എടുത്ത ഫോട്ടോ ആണ് ഇപ്പോള്‍ ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്ത് പുറത്ത് വരുന്നത്.
ഐശ്വര്യ റായിയുടെ മുന്‍ കാമുകന്‍ കൂടെയായ സല്‍മാന്‍ ഖാനും പരിപാടിയ്ക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ഐശ്വര്യ റായ്‌ക്കൊപ്പം നിന്ന് ഫോട്ടോസ് എടുത്തിട്ടൊന്നും ഇല്ല. അതേ സമയം സല്‍മാന്‍ ഖാന്റെ പഴയ ഒരു ഫോട്ടോയും പരിപാടിയ്ക്ക് പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യയുടെയും മകളുടെയും ഫോട്ടോ ചേര്‍ത്ത് വച്ചാണ് ഗോസിപ്പുകള്‍ പ്രചരിയ്ക്കുന്നത്. പരിപാടിയ്ക്ക് രണ്ട് പേരും എത്തിയ വീഡിയോയും ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിയ്ക്കുന്നുണ്ട്.
കൗതുകം എന്താണെന്ന് വച്ചാല്‍, നടി റാണി മുഖര്‍ജിയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോസും വീഡിയോസും പ്രചരിയ്ക്കുന്നത്. ബ്ലൂ ടിക്ക് കൃത്രിമമായി നല്‍കിയതിനാല്‍ ഇത് റാണി മുഖര്‍ജിയുടെ യഥാര്‍ത്ഥ അക്കൗണ്ട് ആണോ എന്ന് പോലും പലരും സംശയിക്കുന്നതായി കമന്റില്‍ നിന്നും മനസ്സിലാവും. എന്ത് തന്നെയായാലും പ്രചരിയ്ക്കുന്നത് എഡിറ്റ് ചെയ്ത ഫോട്ടോയും വീഡിയോയും ആണെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടേയും ദാമ്പത്യ ജീവിതം പതിനഞ്ച് വർഷം പൂർത്തിയാക്കി മുന്നോട്ട് പോവുകയാണ്. ഫാമിലി ടൈം ഏറ്റവും കൂടുതൽ കണ്ടെത്തുന്ന താരദമ്പതികളാണ് ഇരുവരും. മകൾ ആരാധ്യയ്ക്കൊപ്പം സാധിക്കുമ്പോഴെല്ലാം ഇരുവരും യാത്രകൾ പോകാറുണ്ട്.
ഇരുവരും തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ഒരു മടിയുമില്ലാതെ സംസാരിക്കാറുമുള്ളവരാണ്. എന്നാലിപ്പോൾ ഐശ്വര്യയും അഭിഷേകും വേർപിരിയാൻ ഒരുങ്ങുകയാണെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. അതിന് കാരണം നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്.
നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസം മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഒപ്പം അഭിഷേകിനെ കണ്ടില്ല. ബോളിവുഡ് മുഴുവൻ ഒഴുകിയെത്തിയ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ചർച്ചയായി.
പൊതുവെ മകൾക്കും ഭാര്യയ്ക്കും ഒപ്പം എല്ലാ പരിപാടികളിലും അഭിഷേക് എത്താറുണ്ട്. അതിനാൽ തന്നെ അഭിഷേകിന്റെ അഭാവം പാപ്പരാസികൾ ശ്രദ്ധിച്ചു. ഇതോടെയാണ് ഐശ്വര്യയും അഭിഷേകും പിരിയാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
മാത്രമല്ല അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്‌നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം വിവാഹമോചനവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ പ്രചരിക്കവെ അതിനെയെല്ലാം അഭിഷേകിന്റെ ഒരു കമന്റ് നിഷ്പ്രഭമാക്കി.
ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം പങ്കിട്ട് എനിക്ക് പ്രിയപ്പെട്ടവരെന്ന് ഒരാൾ തലക്കെട്ട് നൽകിയപ്പോൾ എനിക്കും ഏറെ പ്രിയപ്പെട്ടവരാണ് ഐശ്വര്യയും ആരാധ്യയുമെന്നും അഭിഷേക് കുറിച്ചു. ഇതോടെ പലരും വിവാഹമോചനം ഉടനെന്ന വാർത്ത തെറ്റാണെന്നും ഇരുവരും ഇപ്പോഴും നല്ല സ്നേഹത്തിലാണെന്നും കമന്റ് ചെയ്തു.
നേരത്തെ വോഗിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹ ബന്ധത്തിൽ വഴക്കുണ്ടാകാറുണ്ടോയെന്ന് ചോദിച്ചപ്പോൾ തങ്ങൾ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. വഴക്കുകളല്ല വിയോജിപ്പുകൾ മാത്രമാണെന്നാണ് അഭിഷേക് പറഞ്ഞത്.
ഞങ്ങളുടെ ചെറിയ വഴക്കുകൾ ഒരു ബന്ധത്തിന് ആരോഗ്യകരമാണ്. എന്നിരുന്നാലും ഒരു വഴക്ക് വെച്ച് ഉറങ്ങരുത് എന്ന കർശനമായ നിയമം ഞങ്ങൾ പാലിക്കുന്നു. ഒരു മനുഷ്യൻ എത്രമാത്രം ശരിയാണെങ്കിലും കഴിയുന്നത്ര വേഗം മാപ്പ് പറയാൻ പഠിക്കണം. മാത്രമല്ല ഭാര്യമാർ എല്ലായ്പ്പോഴും ശരിയാണെന്ന വസ്തുത ഭർത്താക്കന്മാർ അംഗീകരിക്കണം അഭിഷേക് വിശദീകരിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.
അടുത്തിടെയാണ് അഭിഷേക് തന്റെ 47-ാം പിറന്നാൾ ആഘോഷിച്ചത്. കുടുംബവും സുഹൃത്തുക്കളും താരത്തിന് ആശംസകൾ അറിയിച്ചിരുന്നു. ഫെബ്രുവരി 5-ാം തീയതി അഭിഷേകിന് 47 വയസായി. എത്ര വേഗമാണ് സമയം കടന്നുപോകുന്നത്. അഭിഷേക് ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമൊക്കെ സമ്മാനിച്ച ദിവസങ്ങളെക്കുറിച്ച് ഞാൻ ഓർക്കുന്നു.
വിമർശിച്ചവരുടെ മുമ്പിൽ നിന്ന് അവൻ നേട്ടങ്ങൾ കൊയ്യുമ്പോൾ സന്തോഷം തോന്നുന്നു എന്നാണ് മകന് പിറന്നാൾ ആശംസിച്ച് അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ കുറിച്ചത്. ബർത്തഡേ ലൗ ടുഡേ ആൻഡ് ഫോറെവർ എന്നാണ് അഭിഷേകിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഐശ്വര്യ കുറിച്ചത്.
2007 ഏപ്രില്‍ 20 നായിരുന്നു ഐശ്വര്യയുടേയും അഭിഷേകിന്റേയും വിവാഹം. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ഐശ്വര്യ റായി പിന്നീട് വർഷങ്ങൾക്ക് ശേഷം തിരിച്ച് വരവ് നടത്തുകയായിരുന്നു.