ഛണ്ഡീഗഡ്: പ്രശസ്ത സന്തൂർ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജൻ സോപൊരി അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വൈകുന്നോരം മൂന്നരയോടെയായിരുന്നു അന്ത്യം. കുടൽ ക്യാൻസറിനാൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയിലായിരുന്നു. 73 വയസായിരുന്നു.
സന്തൂർ വാദകൻ എന്നതിലുപരി ഒരേ സമയം സംഗീതജ്ഞനും, എഴുത്തുകാരനും കവിയുമെല്ലാമായിരുന്ന അദ്ദേഹം ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു. ദിവ്യനായ സന്തൂർ വാദകൻ (സെയിന്റ് ഒഫ് സന്തൂർ) എന്നും തന്ത്രികളുടെ രാജാവ് എന്നുമൊക്കെ അദ്ദേഹത്തെ സംഗീത ലോകം വിശേഷിപ്പിച്ചിരുന്നു.
സംഗീത ലോകത്തിന് വളരെയേറെ സംഭാവനകൾ നൽകിയ അദ്ദേഹത്തന് രാജ്യം 2004ൽ പദ്മശ്രീ നൽകി ആദരിച്ചു. സംഗീത നാടക അക്കാഡമി അവാർഡ് (1992) ജമ്മു കാശ്മീർ ഗവൺമെന്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ജമ്മു കാശ്മീർ ഗവൺമെന്റ് സിവിലിയൻ അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഒഡീഷ ഉത്കൽ സർവകലാശാല അദ്ദേഹത്തിന് സാഹിത്യത്തിനുള്ള ഡോക്ടറേറ്റും നൽകി ആദരിച്ചിട്ടുണ്ട്.
കാശ്മീരിലെ സോപോർ താഴ്വരയിൽ 1948 ൽ ജനിച്ച അദ്ദേഹം അഞ്ചാം വയസിലാണ് അരങ്ങേറ്റം നടത്തിയത്. കൂടാതെ ഈജിപ്ത്, ഇംഗ്ലണ്ട്, ജർമ്മനി, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
തന്റെ അച്ഛനിൽ നിന്നും മുത്തച്ഛനിൽ നിന്നും ശാസ്ത്രീയ സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും പാഠങ്ങൾ അഭ്യസിച്ച അദ്ദേഹം വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യ സംഗീതവും ഹൃദിസ്ഥമാക്കി. തുടർന്ന് അവിടെ സംഗീത അദ്ധ്യാപകനാവുകയും ചെയ്തു.