വീട്ടുകാര്‍ കൊലപാതക കേസില്‍ റിമാന്‍ഡില്‍; പോലീസ് അധീനതയിലുള്ള വീട്ടില്‍ മോഷണം!

ആലപ്പുഴ: കൊലപാതക കേസില്‍ വീട്ടുകാരെല്ലാം റിമാന്‍ഡിലായതോടെ പോലീസിന്റെ അധീനതയിലായിരുന്ന വീട്ടില്‍ കവര്‍ച്ച. ആലപ്പുഴയിലാണ് സംഭവം. 10 പവന്‍ സ്വര്‍ണവും 10000 രൂപയുമാണ് മോഷണം പോയത്. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാര്‍ഡ് പട്ടാട്ടുചിറയില്‍ ലോകേശന്റെ വീട്ടിലാണ് മോഷണം നടന്നത്.

അയല്‍വാസി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസില്‍ ലോകേശനും ഭാര്യ അജിതകുമാരിയും മകള്‍ അരുന്ധതിയും റിമാന്‍ഡ് തടവുകാരായി ജയിലിലാണ്. കഴിഞ്ഞ 21നായിരുന്നു കൊലപാതകം. മണ്ണഞ്ചേരി പോലീസ് മൂവരെയും വീട്ടില്‍ നിന്നു അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ലോകേശന്റെ സഹോദരന്‍ സതീശനാണ് വീടിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്.

എന്നാല്‍ പിന്നീട് പോലീസെത്തി താക്കോല്‍ വാങ്ങിക്കൊണ്ടുപോയതായി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതികളെ ഇവരുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് അലമാരയില്‍ നിന്നു പണവും സ്വര്‍ണവും രേഖകളും കവര്‍ന്നതായി മനസിലായത്. എന്നാല്‍ ഇക്കാര്യം പോലീസ് രഹസ്യമാക്കിവച്ചെന്ന് ആരോപണമുണ്ട്.

പോലീസ് കാവലില്‍ എത്തിച്ച പ്രതികള്‍ക്ക് ഇക്കാര്യം ബന്ധുക്കളെയോ മറ്റുള്ളവരെയോ അറിയിക്കാനും കഴിഞ്ഞില്ല. പിന്നീട് ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയില്‍ എത്തിയപ്പോഴാണ് ലോകേശന്‍ ബന്ധുവിനോട് മോഷണ വിവരം പറഞ്ഞത്.

തുടര്‍ന്ന് പോലീസിനെ ബന്ധപ്പെട്ടെങ്കിലും പരാതിയുമായി വന്നാല്‍ ലോകേശന്റെ മറ്റ് 2 മക്കളെ കൂടി പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ലോകേശന്റെ സഹോദരപുത്രന്‍ എസ് പ്രണവ് പറഞ്ഞു. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും പ്രണവ് പറഞ്ഞു. എന്നാല്‍ ഇത്തരമൊരു മോഷണം നടന്നതായി വിവരമില്ലെന്നും പ്രതികളുടെ വീടിന്റെ താക്കോല്‍ പോലീസ് സൂക്ഷിച്ചിട്ടില്ലെന്നും മണ്ണഞ്ചേരി സിഐ രവി സന്തോഷ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News