കൊവിഡെന്ന് സംശയിച്ച് ഹൃദ്രോഗിയായ അച്ഛനേയും മക്കളേയും വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടു; തലചായ്ക്കാന്‍ ഇടമില്ലാതെ കടത്തിണ്ണയില്‍ അഭയം തേടി ഒരു കുടുംബം

തിരുവനന്തപുരം: കൊവിഡുണ്ടെന്ന് ആരോപിച്ച് ഹൃദ്രോഗിയായ അച്ഛനേയും രണ്ടുമക്കളേയും വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടു. തിരുവനന്തപുരത്തു നിന്നാണ് ക്രൂരത നിറഞ്ഞ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. തലചായ്ക്കാന്‍ ഇടമില്ലാതായതോടെ അച്ഛനും മക്കളും കടത്തിണ്ണയില്‍ അഭയം പ്രാപിച്ചു.

കൊല്ലം സ്വദേശിയായ രാജുവും മക്കളുമാണ് വീട്ടുടമയുടെ കണ്ണില്‍ചോരയില്ലാത്ത നടപടിയെ തുടര്‍ന്ന് പെരുവഴിയിലായത്. ഭക്ഷണത്തിനോ പുതിയ വീട് കണ്ടെത്താനോ പണമില്ലെന്ന് മാത്രമല്ല, കുട്ടികളുടെ പഠനംപോലും മുടങ്ങിയിരിക്കുകയാണ്.

ഏഴാം ക്ലാസ് വിദ്യാര്‍ഥി ജോഷ്വയും സഹോദരനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മോശയുമാണ് അച്ഛനൊപ്പമുള്ളത്. ജോലി തേടിയാണ് രാജു രണ്ടുമക്കളുമായി തിരുവനന്തപുരത്തെത്തിയത്. ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു.

കൂലിപണിചെയ്തും ഹോട്ടലില്‍ പണിയെടുത്തും കുട്ടികളെ വളര്‍ത്തി. പക്ഷെ ലോക്ഡൗണ്‍ എല്ലാം തകര്‍ത്തു. ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികള്‍ക്ക് പനി പിടിച്ചതോടെ വലിയതുറയിലെ ഒറ്റമുറി വാടക വീട്ടില്‍ നിന്നും ഉടമ ഇവരെ ഇറക്കിവിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News