പാലക്കാട്: ഗവേഷക വിദ്യാര്‍ത്ഥിയായ കൃഷ്ണകുമാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൈഡ് ഡോ. എന്‍ രാധികയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കുടുംബം. 20 വര്‍ഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് പറഞ്ഞ് കൃഷ്ണകുമാരിയെ അധിക്ഷേപിച്ചെന്നും പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് തടഞ്ഞതെന്നും സഹോദരി രാധിക ആരോപിച്ചു.
ബ്ലൂ വെയ്ല്‍ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നല്‍കി ഒടുവില്‍ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചു. ഇതില്‍ ഡോക്ടര്‍ എന്‍ രാധികയും അവര്‍ക്കൊപ്പമുള്ള ബാലമുരുകന്‍ എന്നയാളുമാണെന്ന് കുടുംബം ആരോപിക്കുന്നു. പ്രബന്ധം ഓരോ തവണയും അംഗീകാരത്തിനു നല്‍കുമ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു തള്ളി. ഗവേഷണം പൂര്‍ത്തിയാക്കാന്‍ തടസ്സമുണ്ടാക്കിയതിനെത്തുടര്‍ന്നു കൃഷ്ണകുമാരി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി അവര്‍ പറഞ്ഞു.
ഗുജറാത്തിലെ ബറോഡ മഹാരാജ സായാജി റാവു സര്‍വകലാശാലയില്‍ നിന്ന് ബിടെക്കും സ്വര്‍ണമെഡലോടെ എംടെക്കും പൂര്‍ത്തിയാക്കിയ കൃഷ്ണകുമാരി 2016 മുതല്‍ കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. പ്രബന്ധത്തില്‍ തിരുത്തല്‍ വേണമെന്ന് മാത്രമേ പറഞ്ഞിട്ടൊള്ളൂ എന്ന ഗൈഡിന്റെ വാദം ശരിയല്ലെന്നാണ് കൃഷ്ണയുടെ സഹോദരി പറയുന്നത്. കഴിഞ്ഞ ദിവസം കോളജില്‍ എത്തിയപ്പോള്‍ എന്തോ എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും മോശമായാണ് പെരുമാറിയതെന്നും കൃഷ്ണ പറഞ്ഞിരുന്നുവെന്ന് സഹോദരി പറഞ്ഞു.
സംഭവത്തില്‍ ഇന്ന് വീണ്ടും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും. കൊല്ലങ്കോട് പോലീസാണ് മൊഴി രേഖപ്പെടുത്തുക. ശനിയാഴ്ച രാത്രിയാണ് കോയമ്പത്തൂരിലെ അമൃത കോളജിലെ ഗേവഷക വിദ്യാര്‍ത്ഥിനിയായ കൃഷ്ണകുമാരി ആത്മഹത്യ ചെയ്തത്. കൃഷ്ണയുടെ ആത്മഹത്യ ഗൈഡായ അധ്യാപികയുടെ മാനസിക പീഡനം മൂലമാണെന്നാണ് സഹോദരി ആരോപിക്കുന്നത്.
എന്നാല്‍ മരണം നടന്നതിന് ശേഷം വീട്ടിലെത്തിയ പോലീസിനോട് കുടുംബാംഗങ്ങള്‍ വിദ്യാര്‍ത്ഥിയുടെ ഗൈഡിനെതിരായ പരാതി ഉന്നയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. മരിച്ച കൃഷ്ണകുമാരിയുടെ സംസ്‌കാരം ഇന്ന് നടക്കും.