ഒറ്റമൂലിയോ മന്ത്രവാദമോ കൊണ്ട് കാന്‍സര്‍ രോഗം മാറില്ല, വേണ്ടത് ചികിത്സ,സസ്യാഹാരം ശീലമാക്കു അര്‍ബുദത്തെ തടയുമോ? കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ തുറന്നുപറയുന്നു

റിയാദ്: ഒറ്റമൂലിയോ മന്ത്രവാദമോ കൊണ്ട് കാന്‍സര്‍ രോഗം മാറില്ലെന്നും അതിന് സമയം കളയാതെ എത്രയും വേഗം ഉചിത ചികിത്സ തേടുകയാണ് വേണ്ടതെന്നും പ്രശസ്ത കാന്‍സര്‍ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍. ഹ്രസ്വസന്ദര്‍ശനത്തിന് റിയാദിലെത്തിയ അദ്ദേഹം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു.

കാന്‍സറിനെ ഭയത്തോടെ കാണുന്നതിന് പകരം രോഗത്തെ മനസിലാക്കാനാണ് ശ്രമിക്കേണ്ടത്. മറ്റ് ജീവിത ശൈലീരോഗങ്ങളെ പോലെ കാന്‍സറിനെയും ഒരു പരിധി വരെ മുന്‍കൂട്ടി തടയാനാകും. പുകയില ഉപയോഗം, മദ്യപാനം എന്നിവയില്‍ നിന്ന് അകന്നുനിന്നാല്‍ തന്നെ 30 ശതമാനം കണ്ട് കാന്‍സറിനെ തടയാനാകും. പുകയിലയാണ് ഏറ്റവും വലിയ അപകടം. പുകവലിക്കുന്നവര്‍ സ്വയം മരിക്കുക മാത്രമല്ല മറ്റുള്ളവരെ കൊല്ലുക കൂടിയാണ് ചെയ്യുന്നത്. പുകയില ഉപയോഗം മൂലമുള്ള കാന്‍സറിലൂടെ ഒരു വര്‍ഷം ആറ് ലക്ഷം പേര്‍ മരിക്കുന്നു. പലതരം കാന്‍സറുകളില്‍ തന്നെ ഏറ്റവും അപകടം പിടിച്ചതാണ് ശ്വാസകോശാര്‍ബുദം. അത് പുകയില ഉപയോഗം കൊണ്ടാണ് കൂടുതലും സംഭവിക്കുന്നത്.

കാന്‍സറിനെ തടയാനെ കഴിയൂ. വന്നിട്ട് ചികിത്സിച്ച് ഭേദമാക്കാന്‍ കാത്തുനില്‍ക്കരുത്. അത് വിജയിച്ചുകൊള്ളണമെന്നില്ല. പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ കാന്‍സര്‍ രോഗത്തെ വില കൊടുത്തുവാങ്ങുകയാണ് ചെയ്യുന്നത്. പുകവലിയുടെ കൂടെ മദ്യപാനം കൂടിയാകുമ്പോഴാണ് അപകടം ഇരട്ടിക്കുന്നത്. ജീവിതശൈലീ പ്രശ്നങ്ങളാണ് കാന്‍സറിനുള്ള മറ്റൊരു കാരണം. ഭക്ഷണത്തില്‍ ശ്രദ്ധവേണം. നോണ്‍ വെജ് കുറയ്ക്കുകയും സസ്യാഹാരം കൂട്ടുകയും ചെയ്യണം. പഴം, പച്ചക്കറി, ഇല, പയര്‍ വര്‍ഗങ്ങള്‍ കാന്‍സറിനെ ഫലപ്രദമായി തടയും. കുട്ടികളെ ടീവിയുടെയോ ടാബിന്റെയോ മുന്നിലിരുത്തി ഭക്ഷണം കൊടുക്കരുത്. എത്രയെന്നറിയാതെ അമിതമായ കഴിക്കും. പൊണ്ണത്തടിയും കാന്‍സറിന് കാരണമാകും. ഈ വക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീണ്ടും ഒരു 30 ശതമാനം കൂടി കാന്‍സറിനെ തടയാം

രോഗം പ്രാരംഭദശയില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ അടുത്തൊരു 30 ശതമാനം കൂടി തടയാന്‍ കഴിയും. സ്ത്രീകളിലെ ബ്രസ്റ്റ് കാന്‍സര്‍ പ്രാരംഭദശയില്‍ തന്നെ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുന്നതാണ്. ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് സ്വയം തന്നെ പരിശോധിച്ച് കണ്ടെത്താന്‍ കഴിയും. വേദനയില്ലാത്ത മുഴകളാണ് പ്രശ്നം. തൊലിപ്പുറത്തെ ചുളിവുകള്‍, മുലക്കണ്ണ് ഉള്ളിലേക്ക് വലിയുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടുക. കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കിയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ വീണ്ടും വരാന്‍ സാധ്യതയുണ്ട്. ആ കാലം കഴിഞ്ഞിട്ടും വീണ്ടും വന്നില്ലെങ്കില്‍ പൂര്‍ണമായും ഭേദപ്പെട്ടെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group