കോഴിക്കോട് കുന്ദമംഗലം കാരന്തൂരില്‍ 744 ലിറ്റര്‍ വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എസ് എന്‍ ഡി പി അസിസ്റ്റന്‍റ് സെക്രട്ടറിയും കോഴിക്കോട് യൂണിയന്‍ ചെയര്‍മാനുമായ അശോകനെയാണ് അറസ്റ്റ് ചെയ്തത്. അശോകന്‍റെ കാരന്തൂര്‍ കൊളായിത്താഴത്തെ വീടിനോട് ചേര്‍ന്നുള്ള ഷെഡിനകത്തായിരുന്നു വ്യാജക്കള്ള് നിര്‍മാണം നടത്തിയത്.
കള്ള് നിര്‍മിക്കാനുള്ള പഞ്ചസാര ലായനിയും പിടികൂടിയിട്ടുണ്ട്. അശോകന്റെ പേരില്‍ കാരന്തൂരില്‍ കള്ള് ഷാപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വില്‍ക്കാനായാണ് വ്യാജ കള്ള് നിര്‍മിച്ചതെന്ന് കരുതുന്നു. വീട്ടില്‍ വച്ച് തന്നെയാണ് ഇയാളെ പിടികൂടിയത്.എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് അശോകന്‍ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു
വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ആണ് 744 ലിറ്റര്‍ വ്യാജ കള്ള് കണ്ടെടുത്തത്. ഔട്ട് ഹൗസില്‍ നിന്നും 2 ബൊലേറോ ജീപ്പുകളില്‍ നിന്നുമാണ് വ്യാജകള്ള് കണ്ടെത്തിയത്.കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ വി.പി സുധാകരനും, എക്‌സൈസ് സര്‍ക്കിളിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ ഗിരീഷും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.
രാവിലെ പത്തുമണിയോടെ ഇയാളുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘമാണ് അശോകനെ കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് നിന്ന് പഞ്ചസാരയുടെ ലായനിയും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. എങ്ങനെയാണ് ഇത് നിര്‍മ്മിക്കുന്നതെന്നും ലഹരിക്കായി എന്താണ് ഇതില്‍ ചേര്‍ക്കുന്നതെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്നും അന്വേഷണ സംഘം പറഞ്ഞു