കോഴിക്കോട്: നാദാപുരത്ത് രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചതായി വ്യാജപ്രചാരണം. വിദേശത്ത് നിന്നെത്തിയ കുടുംബത്തിലെ കുഞ്ഞിനും വളയത്തെ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിക്കും കൊവിഡ് ബാധിച്ചതായാണ് പ്രചാരണം. ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി.
ഇക്കഴിഞ്ഞ 22ന് അബുദാബിയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ കുടുംബം എട്ടു ദിവസമായി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചെറുമോത്തെ വീട്ടില്‍ കഴിയുകയാണ്. കുട്ടിക്ക് കൊവിഡ് ബാധിച്ചെന്ന പ്രചാരണത്തില്‍ സമീപവാസി പശുവിന്‍പാല്‍ നല്‍കുന്നത് നിര്‍ത്തുകയുണ്ടായി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിഐക്ക് പരാതി നല്‍കിയിരിക്കുകയാണ് കുഞ്ഞിന്റെ കുടുംബം.
തൂണേരി സ്വദേശിയായ മത്സ്യവ്യാപാരിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന വളയത്തെ മത്സ്യത്തൊഴിലാളിക്ക് കൊവിഡ് ബാധിച്ചതായി ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഇദ്ദേഹത്തിന്റെ മകള്‍ വളയം പൊലീസില്‍ പരാതി നല്‍കി. ക്വാറന്റീനില്‍ കഴിയുന്ന പിതാവിന്റെ സ്രവ പരിശോധനാ ഫലം വന്നിട്ടില്ലെന്നും ഇതിനിടെയാണ് വ്യാജപ്രചാരണമെന്നും പരാതിയില്‍ പറയുന്നു.