തൊടുപുഴ: ഇടുക്കി മൂന്നാറിൽ വ്യാജമദ്യം കഴിച്ച 3 പേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മൂന്നാർ ചിത്തിരപുരത്തുള്ള സ്വകാര്യ ഹോംസ്റ്റേയിലാണ് സംഭവം. ഹോംസ്റ്റേ ഉടമ തങ്കപ്പന്, ഇയാളുടെ ഡ്രൈവര്‍ ജോബി, ഇവിടെ താമസിക്കാനെത്തിയ തൃശൂര്‍ സ്വദേശി മനോജ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
രണ്ടു പേർ കോലഞ്ചേരിയിലെയും ഒരാൾ അങ്കമാലിയിലെയും ആശുപത്രിയിലാണ്. ഒരാളുടെ കാഴ്ചയ്ക്ക് കുഴപ്പമുണ്ടെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നാടൻ ചാരായം തേനിൽ കലർത്തിയാണ് കുടിച്ചതെന്നാണ് വിവരം.
തൃശൂര്‍ സ്വദേശിയായ മനോജ് ഞായറാഴ്ചയാണ് തങ്കപ്പന്റെ ഹോംസ്റ്റേയിലെത്തി തങ്ങിയത്. ഇയാള്‍ കൊണ്ട് വന്ന മദ്യം തങ്കപ്പനും ഡ്രൈവര്‍ ജോബിയ്ക്കുമൊപ്പം തേനിൽ ചേർത്ത് കഴിക്കുകയും ചെയ്തു. ഇതിന് ശേഷം തൃശൂരിലേയ്ക്ക് മടങ്ങിയ മനോജ് കണ്ണിന് കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലെത്തുകയായിരുന്നു.
ഇന്നലെ തന്നെ തങ്കപ്പനെയും ജോബിയെയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു. തങ്കപ്പനും, ജോബിയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലും, മനോജ് അങ്കമാലിയിലെ ആശുപത്രിയിലും ചികിത്സയിലാണ്.