പ്രസാദത്തില്‍ കഞ്ചാവ് കലര്‍ത്തി നല്‍കി ലൈംഗിക പീഡനം; ആള്‍ദൈവം യോഗേന്ദ്ര മെഹ്ത അറസ്റ്റില്‍

ജയ്പുര്‍: പ്രസാദത്തില്‍ കഞ്ചാവ് നല്‍കിയും മറ്റും സ്ത്രീകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ജയ്പുര്‍-അജ്മീര്‍ ദേശീയപാതയില്‍ ആശ്രമം നടത്തുന്ന തപസ്വി ബാബ എന്നറിയപ്പെടുന്ന യോഗേന്ദ്ര മെഹ്ത(56)യെയാണ് ബക്റോത പോലീസ് അറസ്റ്റ് ചെയ്തത്.

ബന്ധു ഉള്‍പ്പെടെ നാല് സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നത്. 2005 മുതല്‍ 2017 വരെ പലതവണ പീഡിപ്പിച്ചെന്നാണ് ഒരു സ്ത്രീയുടെ പരാതി. ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ രണ്ട് യുവതികളും പീഡനത്തിനിരയായതായി പരാതിയില്‍ പറയുന്നു.

മൂന്ന് സ്ത്രീകള്‍ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെയാണ് മറ്റൊരു യുവതിയും കൂടി യോഗേന്ദ്രയ്ക്കെതിരേ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ മെയ് നാലിനാണ് കേസെടുത്തതെങ്കിലും ഉന്നത ബന്ധമുള്ള പ്രതിയുടെ അറസ്റ്റ് നീളുകയായിരുന്നു. ഉന്നത ബന്ധങ്ങളുള്ള പ്രതിക്കെതിരേ പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷമാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യോഗേന്ദ്രയെ ബക്റോത എസ്.എച്ച്.ഒ. മുകേഷ് ചൗധരി അറസ്റ്റ് ചെയ്യുകയായിരുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കി ലൈംഗികമായി പീഡിപ്പിച്ചതിനെ എതിര്‍ത്തപ്പോള്‍ ഇത് തന്റെ ആശീര്‍വാദമാണെന്നായിരുന്നു മറുപടി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്ന് യോഗേന്ദ്ര ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതുകാരണം ഭര്‍ത്താവിനോട് പോലും വിവരം മറച്ചുവച്ചു. ഈയിടെ 20 വയസ്സുകാരിയായ മകളെ ആശ്രമത്തിലേക്ക് അയക്കാന്‍ യോഗേന്ദ്ര ആവശ്യപ്പെട്ടതോടെയാണ് നേരത്തേ സംഭവിച്ച കാര്യങ്ങളെല്ലാം ഭര്‍ത്താവിനോട് പറഞ്ഞതെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.

തന്റെ സഹോദരഭാര്യമാരായ രണ്ടു പേര്‍ക്കും സമാനമായ പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും പരാതിയിലുണ്ട്. ആള്‍ദൈവത്തിന്റെ സഹായികളെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും ഇവരാണ് പീഡനത്തിന് ഒത്താശ ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News