ബാബാ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് ഐ.എം.എ; രേഖാമൂലം മാപ്പ് പറഞ്ഞ് പരാമര്‍ശം തിരുത്തി വീഡിയോ പോസ്റ്റ് ചെയ്യണമെന്നും ആവശ്യം
ന്യൂഡല്‍ഹി: യോഗാചാര്യന്‍ ബാബാ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് ഐഎംഎ. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ഉന്നയിച്ച പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ രേഖാമൂലം മാപ്പു പറയണമെന്നും പരാമര്‍ശം തിരുത്തി വീഡിയോ പോസ്റ്റു ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്.
അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ഐഎംഎയുടെ ഉത്തരാഖണ്ഡ് ഘടകമാണ് നിയമ നടപടിക്ക് ഒരുങ്ങിയത്. അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ചികില്‍സയോ, ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നും രാംദേവ് പറഞ്ഞിരുന്നു.
അലോപ്പതി വിവേകശൂന്യമായ ചികില്‍സരീതിയാണെന്നും രാംദേവ് പരാമര്‍ശിച്ചിരുന്നു. ഇതാണ് വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീഴാന്‍ ഇടയാക്കിയത്. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്വര്‍ധന്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ രാംദേവ് പരാമര്‍ശം പിന്‍വലിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ നിയമനടപടിയുമായി മുന്‍പോട്ട് തന്നെയെന്ന് ഐഎംഎ വ്യക്തമാക്കി. രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ഐഎംഎയ്ക്കെതിരെ വിമര്‍ശനവുമായി അദ്ദേഹത്തിന്റെ സഹായി ആചാര്യ ബാലകൃഷ്ണ രംഗത്ത് വന്നു. രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഐ.എം.എ ഗൂഢാലോചന നടത്തുന്നു എന്നാണ് ബാലകൃഷ്ണയുടെ പരാമര്‍ശം.
”ബാബാ രാംദേവിനെ ആക്രമിക്കുന്നതിലൂടെ യോഗയേയും ആയുര്‍വേദത്തെയും മോശപ്പെടുത്തുകയാണ് ഐഎംഎ ചെയ്യുന്നത് രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണ്”. എന്നായിരിന്നു ബാലകൃഷ്ണയുടെ പരാമര്‍ശം. രാംദേവിനോട് എന്ന രീതിയില്‍ ബാലകൃഷ്ണയുടെ പ്രതികരണത്തിനെതിരെയും ഐ.എം.എ രംഗത്തെത്തി.