ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് അമ്മയുടെ വ്യാജ പരാതി; പത്തനംതിട്ടയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മകളെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ അമ്മക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. പന്തളം കാരക്കാട് സ്വദേശി പ്രിന്‍സി ജേക്കബിനെതിരെയാണ് പത്തനംതിട്ട പോക്‌സോ കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. കേസില്‍ കുട്ടിയുടെ അച്ഛനെ കൂടാതെ രണ്ടാം പ്രതിയായ അച്ഛന്റെ സുഹൃത്തിനേയും കോടതി വെറുതെ വിട്ടു.

ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ അച്ഛനും സുഹൃത്തും ചേര്‍ന്ന് ലൈംഗികമായി പീഡിച്ചെന്നായിരുന്നു അമ്മയുടെ പരാതി. വേര്‍പിരിഞ്ഞ് കഴിയുന്ന ദമ്പതികളുടെ ഇരട്ട കുട്ടികളില്‍ ഒരാള്‍ അമ്മക്കൊപ്പവും മറ്റേ ആള്‍ അച്ഛനൊപ്പവുമായിരുന്നു. അമ്മയുടെ കൂടെ താമസിച്ച മകളെ 2016ല്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് അച്ഛന്‍ പറന്തല്‍ സ്വദേശി ഗീവര്‍ഗ്ഗീസിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും പന്തളം പോലീസ് അറസ്റ്റ് ചെയ്തു.

വൈദ്യ പരിശോധനയില്‍ പീഡനം നടന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ അമ്മയെ സാക്ഷിയാക്കി കോടതി വിളിച്ചു വരുത്തി വിസ്തരിക്കുകയായിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ അമ്മക്കെതിരെ കേസെടുക്കാന്‍ പോക്‌സോ കോടതി ജഡ്ജി സനു എസ് പണിക്കര്‍ ഉത്തരവിട്ടു. ഭര്‍ത്താവിനോടുള്ള വിരോധമാണ് മകളെ വച്ച് കേസ് നല്‍കാന്‍ അമ്മയെ പ്രേരിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News