വാക്‌സിന്‍ രജിസ്‌ട്രേഷന്റെ മറവില്‍ വ്യാജ ആപ്പുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു; മുന്നറിയിപ്പുമായി എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്റെ മറവില്‍ വ്യാജ കൊവിന്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് മുന്നറിയിപ്പ് നല്‍കുന്നത്. രജിസ്ട്രേഷന്റെ പേരില്‍ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്വേര്‍ഡുകളും മറ്റ് വിവരങ്ങളും ചോര്‍ത്തുകയാണ് ലക്ഷ്യം.

രജിസ്ട്രേഷന്‍ നടത്തുന്നത് ഔദ്യോഗിക കൊവിന്‍ സൈറ്റുകളിലോ, ആപ്പുകളിലോ ആണെന്ന് ഉറപ്പാക്കണം. വൈറല്‍ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകള്‍ പ്രചരിപ്പിക്കുന്നത്. എസ്.എം.എസിലുണ്ടാകുന്ന ലിങ്കില്‍ ക്ലിക്കില്‍ ചെയ്യുന്നതോടെ ചില ആപ്പുകള്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ആവുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ് ചെയ്യുന്നത്.

കൊവിഡ് വാക്സിന്‍ രജിസ്ട്രേഷനുകള്‍ നടത്താമെന്ന് വ്യാജമായി അവകാശപ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്‌നുകള്‍, ഇ മെയിലുകള്‍, എസ്.എം.എസുകള്‍, ഫോണ്‍ കോളുകള്‍ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് 18നും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. മെയ് 17 മുതലാണ് വാക്സിന്‍ വിതരണം തുടങ്ങുക. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍, മുന്നണിപോരാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ട വാക്സിന്‍ ലഭിക്കുക. മെയ് 1 മുതല്‍ വാക്സിന്‍ നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് വിതരണം വൈകിയത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ എടുക്കാം.

മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റില്‍ അടിസ്ഥാന വിവരങ്ങളും അനുബന്ധരോഗങ്ങളും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.

നല്‍കിയ വിവരങ്ങള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം മുന്‍ഗണനയും വാക്സിന്റെ ലഭ്യതയും അനുസരിച്ച് വാക്സിനേഷന്‍ കേന്ദ്രം, തിയതി, സമയം എന്നിവ എസ്എംഎസ് വഴി അറിയിക്കും.

വാക്സിനേഷന്‍ കേന്ദ്രത്തില്‍ അപ്പോയ്മെന്റ് എസ്എംഎസ്, തിരിച്ചറിയല്‍ രേഖ, അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഇവ കാണിക്കുക. വാക്സിന്‍ സ്വീകരിക്കുക.

കൊവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 12 മുതല്‍ 16 ആഴ്ചയ്ക്കുള്ളിലും കൊവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 28 മുതല്‍ 42 ദിവസങ്ങള്‍ക്കുള്ളിലും രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്.

രോഗ സംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക, അനുബന്ധ രോഗങ്ങളുടെ പട്ടിക എന്നിവ www.dhs.kerala.gov.in, www.arogyakeralam.gov.in എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News