500 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പനയ്ക്ക്! ഒരെണ്ണത്തിന്റെ വില 1460 രൂപ

മുംബൈ: 500 ദശലക്ഷം ഫേസ്ബുക്ക്ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പനയ്ക്ക്. സ്വകാര്യതയെക്കുറിച്ചുള്ള ചര്‍ചകള്‍ പുരോഗമിക്കുന്നതിനിടെയിലാണ് ടെലഗ്രാം ബോട്ടിലൂടെ ഫോണ്‍ നമ്പറുകള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്ന് മദര്‍ബോര്‍ഡ് റിപ്പോര്‍ട് ചെയ്യുന്നു. ഒരു ഫോണ്‍ നമ്പര്‍ അഥവാ ഫെയ്സ്ബുക്ക് ഐഡി 20 ഡോളറിനാണു വില്‍ക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 1460 രൂപ.

ഉപയോക്താക്കളുടെ ഡേറ്റ മൊത്തത്തിലും വില്‍ക്കുന്നുണ്ട്. ഇതില്‍ 10,000 ക്രെഡിറ്റുകള്‍ക്ക് 5,000 ഡോളര്‍ (ഏകദേശം 3,65,160 രൂപ). ഇതില്‍ ആറു ലക്ഷത്തോളം ഇന്ത്യക്കാരുടെ നമ്പരും ഉണ്ടെന്നു സുരക്ഷാ ഗവേഷകന്‍ അലോണ്‍ ഗാല്‍ അഭിപ്രായപ്പെട്ടു. വിഷയം ആദ്യമായി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത് അലോണ്‍ ഗാല്‍ ആണ്.

ഫേസ്ബുകിന്റെ ദൗര്‍ബല്യം മുതലെടുത്തു പ്രവര്‍ത്തിക്കുന്ന ബോട്ടിനെക്കുറിച്ചു 2020ല്‍ റിപ്പോര്‍ട് ചെയ്തിരുന്നു. ഇതു താല്‍ക്കാലികമായി പരിഹരിച്ചെന്നാണു കമ്പനി അറിയിച്ചത്. എന്നാല്‍, എല്ലാ രാജ്യങ്ങളിലെയും ഫേസ്ബുക്ക് അക്കൗണ്ടുമായി ലിങ്കുചെയ്തിട്ടുള്ള ഫോണ്‍ നമ്പറുകള്‍ ഇപ്പോഴും ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയുമെന്നാണു തെളിയുന്നത്. ഈ ഡേറ്റാബേസ് വില്‍പനയ്ക്കു വച്ചിരിക്കുന്നു എന്നതും ഗൗരവതരമാണ്.

ഇന്ത്യയുള്‍പെടെ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളെ ഇത് ബാധിച്ചു. മദര്‍ബോര്‍ഡ് പറയുന്നതിനുസരിച്ച്, ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍, ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ അവര്‍ക്ക് ആ നമ്പറിലെ ഫേസ്ബുക്ക് ഉപയോക്തൃ ഐഡി കണ്ടെത്താനാകും. ഇതിലേക്ക് ആക്സസ് കിട്ടണമെങ്കില്‍ ടെലിഗ്രാം ബോട്ട് സൃഷ്ടിച്ചയാള്‍ക്കു പണം നല്‍കണം.

അതേസമയം സമാന സുരക്ഷാപ്രശ്നം ഇതാദ്യമല്ല ഉണ്ടായിരിക്കുന്നത്. സുരക്ഷിതമല്ലാത്ത സെര്‍വറില്‍ 419 ദശലക്ഷം ഫെയ്സ്ബുക് ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ കണ്ടെത്തിയതായി 2019 ല്‍ റിപോര്‍ടുണ്ടായിരുന്നു. ഇതു കമ്ബനി സമ്മതിക്കുകയും പിന്നീട് പരിഹരിക്കുകയും ചെയ്തു. 2019 മുതലുള്ള ഡേറ്റയാണു ടെലിഗ്രാമില്‍ വില്‍ക്കുന്നത്. ഭൂരിപക്ഷം ആളുകളും ഓരോ വര്‍ഷവും ഫോണ്‍ നമ്ബറുകള്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ ഈ വിവരങ്ങള്‍ കൃത്യമായിരിക്കും എന്നതാണു ശ്രദ്ധേയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News