തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായി സമൂഹമാധ്യമമായ ഫേസ് ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറന്മുള സ്വദേശി സിബിൻ ജോൺസണെയാണ് തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആറന്മുള പൊലീസിന്റെ സഹായത്തോടെയാണ് സിബിനെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി. മുഖ്യമന്ത്രിയെ അവഹേളിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ ഇയാൾ പോസ്റ്റിട്ടതായി പൊലീസ് അറിയിച്ചു.
യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് കൊട്ടിയം എസ് എച്ച് ഒ ക്കാണ് കോടതി നിർദേശം നൽകിയത്.
തിങ്കളാഴ്ച്ച വരെ പൊലീസ് സംരക്ഷണം ഉറപ്പാക്കാനാണ് നിർദേശം. ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ സർക്കാരിനോട് കോടതി നിലപാട് തേടി.