പാലക്കാട്: ഡിഎംകെ കേരള ഘടകത്തിൽ പൊട്ടിത്തെറി. ഡിഎംകെ പാലക്കാട് ജില്ലാ സെക്രട്ടറി ബി.ഷമീർ പാർട്ടിയിൽ നിന്നും രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ച മിൻഹാജിനെ പിൻവലിച്ചതിൽ പ്രതിഷേധിച്ചാണ് ഷമീറിന്റെ രാജി. പാലക്കാട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ഷമീർ അറിയിച്ചു. അതേസമയം നേതാക്കൾ ചേർന്ന് ഷമീറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം.
കഴിഞ്ഞ ദിവസമാണ് ജീവകാരുണ്യ പ്രവർത്തകൻ ആയ മിൻഹാജിനെ തിരഞ്ഞെടുപ്പിന് നിർത്തുന്നില്ലെന്ന് അൻവർ അറിയിച്ചത്. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇത് പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്തിയുളവാക്കിയിരുന്നു. ഇതിനിടെയാണ് ഷമീറിന്റെ രാജി.
ഇടതിനും വലതിനും ഒപ്പം നിൽക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കണം എന്നായിരുന്നു ആഗ്രഹം. ഇതേ തുടർന്നാണ് ഡിഎംകെയിൽ ചേർന്നത് എന്ന് ഷമീർ പറഞ്ഞു. എന്നാൽ സംഘടന സ്ഥാനാർത്ഥിയെ പിൻവലിച്ചിരിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ഷമീർ തീരുമാനിച്ചു.