ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്ന സമയപരിധി 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി. ബ്രിട്ടന്‍. കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഈ രീതയാണ് പിന്തുടരുന്നതെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.
രണ്ടാം ഡോസ് ഇത്രയധികം ആഴ്ചകള്‍ കഴിഞ്ഞ് സ്വീകരിച്ചാല്‍ ശരീരത്തിലെ പ്രതിരോധശക്തി കൂടുതല്‍ മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മുക്തര്‍ക്ക് ആറുമാസത്തിന് ശേഷം കുത്തിവയ്പ് മതിയെന്നും നിര്‍ദേശമുണ്ട്.
നിലവില്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് 28 -ാം ദിവസം രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു മാര്‍ഗനിര്‍ദേശം. പിന്നീട് ഇതു ആറു മുതല്‍ എട്ട് ആഴ്ചവരെ ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. അതേ സമയം കോവാക്‌സിന്റെ കാര്യത്തില്‍ മാറ്റമില്ല.
അതേസമയം കൊവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ചലച്ചിത്ര നടനും മുന്‍ എഫ്ടിടിഐ ചെയര്‍മാനുമായ അനുപം ഖേര്‍ രംഗത്തെത്തി. പ്രതിച്ഛായ നിര്‍മിതിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാറിന് ചെയ്യാനുള്ള സമയമാണിത്. പക്ഷെ കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി. എന്നാല്‍, സര്‍ക്കാറിന്റെ വീഴ്ച മറ്റ് പാര്‍ട്ടികള്‍ അവരുടെ നേട്ടത്തിന് ഉപയോഗിക്കുന്നത് തെറ്റാണ്.
സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട്. മനുഷ്യത്വ രഹിതര്‍ക്ക് മാത്രമേ നദിയില്‍ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തെ അംഗീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പല വിഷയങ്ങളിലും നരേന്ദ്ര മോദി സര്‍ക്കാറിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നയാളാണ് അനുപംഖേര്‍. അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ ഖേര്‍ ബിജെപി എംപിയാണ്. ഏറെക്കാലമായി ബിജെപിയെ അനുകൂലിക്കുന്നയാളാണ് അദ്ദേഹം.