യൂട്യൂബ് വ്‌ളോഗര്‍മാരായി റിസോര്‍ട്ടില്‍ മുറിയെടുത്ത് വാറ്റുകാരനെ പൊക്കി എക്‌സൈസ് സംഘം; ‘കിടിലം പോളി’നെ കുടുക്കിയത് ഇങ്ങനെ

കോട്ടയം: യൂട്യൂബ് വ്‌ളോഗര്‍മാരുടെ വേഷത്തിലെത്തി ചാരായവില്‍പ്പനക്കാരനെ പൊക്കി എക്‌സൈസ് സംഘം. അഭിമുഖം നടത്താനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പോള്‍ ജോര്‍ജ്ജ്(43) എന്നയാളെ എക്സൈസ് ഷാഡോ സംഘം തൊണ്ടിസഹിതം പിടികൂടിയത്.

വിനോദസഞ്ചാരികളായി റിസോര്‍ട്ടില്‍ മുറിയെടുത്ത് യൂട്യൂബ് വ്‌ളോഗര്‍മാരാണെന്നും പോളിന്റെ തെങ്ങിന്‍പൂക്കുല ഇട്ട് വാറ്റുന്ന നാടന്‍ ചാരായത്തിന്റെ രുചി തേടിയെത്തിയവരാണെന്നും വിശ്വസിപ്പിച്ചു. ചാരായത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും അഭിമുഖത്തിനായി ചാരായവുമായി എത്താമോയെന്നും ചോദിച്ചു.

തുടര്‍ന്ന് ചാരായവുമായി എത്തിയ പോളിനെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പോള്‍ വാറ്റുചാരായം എത്തിച്ചുകൊടുക്കാറുണ്ട്.

ഒരു ലിറ്റര്‍ ചാരായത്തിന് 1001 രൂപയാണ് ഇയാള്‍ വിലയിടുന്നത്. ലിറ്റര്‍ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവെച്ചിരുന്നു. ‘കിടിലം പോള്‍’ എന്നറിയപ്പെടുന്ന ഇയാള്‍ നിരവധി ചാരായകേസുകളില്‍ പ്രതിയാണ്. പലതവണ ഇയാള്‍ക്കായി വലവീശിയിട്ടുണ്ടെങ്കിലും എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്.

ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഷാഡോ എക്സൈസ് സംഘത്തിലെ അഭിലാഷ് കുമ്മണ്ണൂര്‍, കെ വി വിശാഖ്, നൗഫല്‍ കരിം എന്നിവരാണ് വിനോദസഞ്ചാരികളായി റിസോര്‍ട്ടില്‍ മുറിയെടുത്തത്.

പോളിന്റെ വീട്ടില്‍നിന്ന് 16 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ചാരായം കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News