തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ബെവ് ക്യൂ മൊബൈല്‍ ആപ്ലിക്കേഷന്‍ വൈകാന്‍ കാരണം ഗൂഗിള്‍ അനുമതി കിട്ടാത്തതിനെ തുടര്‍ന്നെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഗൂഗിളിന്റെ അനുമതി ഉടന്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിനുള്ള സിസ്റ്റം പൂര്‍ത്തീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ഗൂഗിള്‍ അനുമതി കിട്ടിയ ശേഷമേ ആപ്പിനുള്ള സിസ്റ്റം നടപ്പിലാക്കാന്‍ സാധിക്കൂ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കൊഴിവാക്കുന്നതിന് വേണ്ടിയുള്ള ഒരു വ്യവസ്ഥ നടപ്പാക്കണം. വ്യവസ്ഥ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആപ്പ് വൈകുന്നത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഉത്തരം റിപ്പോര്‍ട്ടറോട് വ്യക്തിപരമായി പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.