വരന്റെ അടുത്ത് എത്താന്‍ വധു നടന്നത് 80 കിലോ മീറ്റര്‍! ഒടുവില്‍ വിവാഹം

കാന്‍പൂര്‍: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവാഹം ഉള്‍പ്പെടെയുള്ള നിരവധി ചടങ്ങുകളാണ് മാറ്റിവച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ ഒരു വിഭാഗം വളരെ ലളിതമായി വിവാഹം നടത്തുന്നുമുണ്ട്. അതിനിടെയാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റി വെച്ച വിവാഹം വീണ്ടും നീണ്ടുപോകാതിരിക്കാന്‍ 19കാരി നടന്നത് 80 കിലോമീറ്റര്‍. കാണ്‍പൂരിലാണ് സംഭവം. വിവാഹത്തിനായി വരന്റെയടുത്ത് എത്താനാണ് പെണ്‍കുട്ടി 80 കിലോ മീറ്റര്‍ നടന്നത്.

മെയ് 4നാണ് കാണ്‍പൂരിലെ മംഗല്‍പൂര്‍ സ്വദേശിനിയായ ഗോള്‍ഡിയുടേയും ബൈസാപൂര്‍ സ്വദേശിയായ വിരേന്ദ്ര കുമാര്‍ റാഥോറിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആദ്യ തവണ ഇരുവരുടേയും വിവാഹം മാറ്റിവച്ചിരുന്നു. എന്നാല്‍ രണ്ടാമതും ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഇരു കുടുംബങ്ങളും പ്രതിസന്ധിയിലായി.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഗോള്‍ഡി നടന്ന് തുടങ്ങിയത്. വിരേന്ദ്ര കുമാറിന്റെ വീട്ടുകാര്‍ ഗോള്‍ഡിയെ കണ്ടപ്പോള്‍ ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് ഇരുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം നടക്കുകയായിരുന്നു.