ശാസ്താംകോട്ട:നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി. നായരുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി ഭർത്താവ് കിരൺ കുമാറിനെ തിങ്കളാഴ്ച ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇയാളെ പന്ത്രണ്ടരയോടെയാണ് ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (താത്കാലികം) ഹാജരാക്കിയത്. മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽവിട്ട് മജിസ്ട്രേറ്റ് എസ്. ഹാഷിം ഉത്തരവായി. 30-ന് വൈകീട്ട് തിരികെ ഹാജരാക്കണം.
ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ ഓഫീസിൽ കൊണ്ടുവന്ന് ചോദ്യംചെയ്തു. വൈകീട്ട് കിഴക്കേ കല്ലട രണ്ടു റോഡിനു സമീപത്തെ ഹോംഗാർഡിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനിടെ വിസ്മയയുടെ വീട്ടിൽപ്പോയി മടങ്ങുമ്പോൾ ഇരുവരും വഴക്കിട്ടു. ഈ ഭാഗത്തുവെച്ച് കാർ നിർത്തി പുറത്തിറങ്ങിയും വഴക്കായി. കിരൺ മർദിക്കാനും ശ്രമിച്ചു. ഈസമയം വിസ്മയ ഓടിക്കയറിയത് ഈ വീട്ടിലേക്കാണ്. വീട്ടുടമ ഇടപെട്ട് അനുനയിപ്പിച്ചാണ് ഇരുവരെയും തിരിച്ചയച്ചത്. അതിനാലാണ് ഇവിടെയെത്തി തെളിവെടുത്തത്.
ചൊവ്വാഴ്ച കിരണിന്റെ വീടായ പോരുവഴി ശാസ്താംനട ചന്ദ്രവിലാസത്തിൽ എത്തിച്ച് തെളിവെടുപ്പുനടത്തും. കിരണിന്റെ സാന്നിധ്യത്തിൽ സഹോദരിയെയും സഹോദരീഭർത്താവിനെയും അടുത്ത ബന്ധുക്കളെയും ചോദ്യംചെയ്യും.വിസ്മയയെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്.
മൃതദേഹത്തിൽ കൊലപാതകത്തിന് കാരണമായേക്കാവുന്ന മുറിവുകളില്ലെന്നാണ്, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെയും ഫൊറൻസിക് ഡയറക്ടറുടെയും മൊഴി. വിസ്മയയുടെ ശരീരത്തിൽ വിഷാംശമുണ്ടോയെന്ന് സംശയമുണ്ട്. ഇത് ഉറപ്പാക്കാനായി ആന്തരികാവയവങ്ങളും രക്തവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കിട്ടാവുന്ന എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിസ്മയയുടെ സുഹൃത്തുക്കൾ, സഹപാഠികൾ എന്നിവരിൽനിന്ന് മൊഴിയെടുത്തു. സഹോദരി, ഭർത്താവ് അടുത്ത ബന്ധുക്കൾ തുടങ്ങിയവരെ ചോദ്യംചെയ്തു. കിരണിനെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇവരെ വീണ്ടും ചോദ്യംചെയ്യും.
കഴിഞ്ഞദിവസം ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നാണ് കണ്ടെത്തൽ. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയപരിശോധനാഫലം ലഭിച്ചശേഷം പോലീസ് സർജൻ കിരണിന്റെ വീട്ടിലെത്തി കൂടുതൽ പരിശോധനകൾ നടത്തും. ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാറിന്റെ ഭാര്യയായ വിസ്മയയെ തിങ്കളാഴ്ച പുലർച്ചേ വീടിന്റെ രണ്ടാംനിലയിലെ ശൗചാലയത്തിൽ കെട്ടിത്തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. അന്വേഷണസംഘത്തിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയർത്തി. രണ്ടുദിവസമായി അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.