കോട്ടയം: മാണി സി കാപ്പൻ എംഎൽഎയുടെ ഡ്രൈവറുടെ മരണത്തിന് കാരണമായ ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും രാസലഹരി മരുന്നായ എംഡിഎംഎ കണ്ടെടുത്തു. അപകടത്തിൽ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
അഞ്ച് മില്ലി ഗ്രാം എംഡിഎംഎയാണ് കാറിൽ നിന്നും പൊലീസ് കണ്ടെത്തിയത്. രാഹുലിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ നിലവിൽ പരിക്കേറ്റ് ചികിത്സയിലാണ്. ലഹരിമരുന്നിൻ്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കാറിൽ നിന്നും കിട്ടിയ സംഭവം ഒതുക്കി തീർക്കാൻ ലോക്കൽ പൊലീസ് ശ്രമിച്ചെന്നും പിന്നീട് രഹസ്യവിവരം ലഭിച്ച കോട്ടയം എസ്.പിയുടെ ഇടപെടലിനെ തുടർന്നാണ് പൊലീസ് കേസെടുത്തതെന്നുമുള്ള ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് എസ്.പി പ്രതികരിച്ചു. ഇന്ന് രാവിലെ തന്നെ കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ വിവരം ലോക്കൽ പൊലീസ് അറിയിച്ചിരുന്നുവെന്നാണ് എസ്.പി പറയുന്നത്.
ഇന്നലെ അർധരാത്രി കോട്ടയം ഏറ്റുമാനൂർ പട്ടിത്താനം ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പാലാ വള്ളിച്ചിറ സ്വദേശി രാഹുൽ ജോബി (23) ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. മാണി സി. കാപ്പൻ എം.എൽ.എയുടെ ഡ്രൈവറാണ് മരിച്ച രാഹുൽ.
ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ വീട്ടിൽനിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ച കാർ പിക്കപ്പ് വാനിൽ ഇടിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.