കോട്ടയം: അമൃത് ഭാരത് പദ്ധതിയിലൂടെ ഏറ്റുമാനൂർ സ്റ്റേഷനിൽ വലിയ രീതിയിലുള്ള വികസനപ്രവർത്തനളാണ് നടന്നു കൊണ്ടിരിക്കുന്നത്. ജില്ലയിലെ ഏറ്റവും മികച്ച സ്റ്റേഷനായി മോടിപിടിപ്പിക്കുന്ന സ്റ്റേഷനിൽ ഒന്നോ രണ്ടോ ട്രെയിനെങ്കിലും സ്റ്റോപ്പ് അനുവദിച്ചാലെ ഈ സുഖസൗകര്യങ്ങൾക്ക് കൂടുതൽ ഗുണഭോക്താക്കളുണ്ടാവുകയുള്ളു.
എന്നാൽ ഏറ്റുമാനൂരിൽ നിന്ന് പുലർച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഒരു ട്രെയിന് പോലും സ്റ്റോപ്പ് ഇല്ലെന്നത് വളരെ ഖേദകരമായ വസ്തുതയാണ്. രാവിലെ തിരുവനന്തപുരം എത്തുന്ന 16630 മലബാർ, 16303 വഞ്ചിനാട് എക്സ്പ്രസ്സുകൾക്ക് കണക്ഷൻ ലഭിക്കുന്ന വിധം മെമു പാസഞ്ചർ സർവീസുകൾ ഇല്ലെന്നതും കോട്ടയം സ്റ്റേഷനെ (KTYM) ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു.
ട്രെയിൻ നമ്പർ 16303 വഞ്ചിനാട് എക്സ്പ്രസ്സ് കൂടുതലും സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന ഒരു സർവീസ് ആണ്. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നും നല്ലൊരു ശതമാനം യാത്രക്കാരും ഏറ്റുമാനൂർ സ്റ്റേഷൻ പിന്നിട്ടാണ് കോട്ടയത്ത് നിന്ന് യാത്ര ആരംഭിക്കുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യുന്നവരിൽ സിംഹഭാഗം ആളുകളും ഏറ്റുമാനൂർ പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് എന്നത് തികച്ചും വാസ്തവമാണ്.
നിലവിൽ കോട്ടയം സ്റ്റേഷൻ അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയാണ്. പാർക്കിംഗ് ഏരിയയുടെ പരിമിതികൾ വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. സ്ഥിരയാത്രക്കാർ മാത്രമാണ് പാർക്കിംഗിനെ ആശ്രയിക്കുന്നത്. ദീർഘദൂര യാത്രക്കാർ വാഹനം പാർക്ക് ചെയ്തുപോകുന്ന പതിവില്ല. വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ പാർക്കിംഗിലെ പ്രശ്നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാകുന്നതാണ്. പരീക്ഷണ അടിസ്ഥാനത്തിൽ ഒരു മാസം സ്റ്റോപ്പ് അനുവദിച്ചാൽ തന്നെ റിസൾട്ട് മനസ്സിലാക്കാവുന്നതാണ്. ഒപ്പം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ വരുമാനം ഇരട്ടിയാകുന്നതും കാണാം.
വഞ്ചിനാട് കോട്ടയം സ്റ്റേഷനിൽ പതിവായി ഷെഡ്യൂൾ സമയത്തിനും 5 മുതൽ 8 മിനിറ്റ് വരെ നേരത്തെയാണ് എത്തിച്ചേരുന്നത്. സ്പീഡ് വർദ്ധിപ്പിക്കുമ്പോൾ വീണ്ടും നേരത്തെ എത്താൻ സാധ്യത വർദ്ധിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു മിനിറ്റ് ഏറ്റുമാനൂർ നിർത്തിയാൽ ഷെഡ്യൂൾ സമയത്തിൽ യാതൊരു മാറ്റവും വരുത്തേണ്ട ആവശ്യമില്ല.
ഐലൻഡ് പ്ലാറ്റ് ഫോം ആയതുകൊണ്ട് ട്രെയിൻ നിർത്തിയെടുക്കുന്നതിന് യാതൊരു സമയനഷ്ടവും ഉണ്ടാകുന്നില്ല.
ഏറ്റവും വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രവും ഇരുവശത്തുനിന്നും പ്രവേശിക്കാവുന്ന അപ്രോച്ച് റോഡുകളും ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകളുമായി ഏറ്റുമാനൂർ അടിമുടി മാറിയിരിക്കുകയാണ്. ഇനി വേണ്ടത് സ്റ്റോപ്പുകൾ മാത്രമാണ്.
ഏറ്റുമാനൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തിക്കാൻ കോട്ടയത്ത് നിന്ന് തെരെഞ്ഞെടുക്കപ്പെട്ട എം പി ശ്രീ. ഫ്രാൻസിസ് ജോർജിനും, കേന്ദ്രമന്ത്രി സഭയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന കോട്ടയം ജില്ലയുടെ അഭിമാനമായ ശ്രീ ജോർജ് കുര്യനും സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഏറ്റുമാനൂർ സ്റ്റേഷനിലെ യാത്രക്കാർ.
ഇതുവരെ ജില്ലാ റെയിൽവേ കേന്ദ്രങ്ങളിലും പ്രമുഖ സ്റ്റേഷനുകളിലും മാത്രം പാറിപ്പറന്നിരുന്ന ഭീമൻ ദേശീയ പതാക ഏറ്റുമാനൂർ സ്റ്റേഷന്റെ തിരുമുറ്റത്ത് പാറി കളിക്കാൻ ഇനി ദിവസങ്ങൾ മാത്രം. അമൃത് ഭാരത് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവേളയിലെ അഭിമാന നിമിഷങ്ങൾക്കൊപ്പം പുതിയ സ്റ്റോപ്പുകളുടെ പ്രഖ്യാപനമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നവർ.