തിരുവനന്തപുരം: കോവിന്‍ പോര്‍ട്ടലിലുണ്ടായ തകരാറിനെ തുടര്‍ന്നു കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന് തടസം നേരിടുന്നു. കോവിന്‍ പോര്‍ട്ടലില്‍ തകരാര്‍ പരിഹരിക്കാന്‍ നാല് ദിവസം എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ കോവിന്‍ അപ്പ് വഴിയും ആരോഗ്യ സേതു ആപ്പ് വഴിയുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടില്ല.
രണ്ടാം ഘട്ടത്തില്‍ വാക്സിനായുള്ള രജിസ്ട്രേഷന്‍ കോവിന്‍ പോര്‍ട്ടലിലൂടെ മാത്രമേ നടത്തനാകൂ എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുവരെ 50 ലക്ഷത്തിന് മുകളില്‍ ആളുകളാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തൈക്കാട് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പം വാക്‌സിന്‍ സ്വീകരിച്ചു.
വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ആരും അറച്ചുനില്‍ക്കരുത്. അത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. സൂചി കയറുമ്പോള്‍ ഉള്ള ചെറിയ വേദനമാത്രമേ ഉണ്ടായിരുന്നുള്ളൂ. അരമണിക്കൂര്‍ കഴിഞ്ഞിട്ടും മറ്റ് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാക്സിനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് ചെവി കൊടുക്കരുത്. എല്ലാവരും വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട് വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ഡോ. ഹര്‍ഷവര്‍ധന്‍, സംസ്ഥാന മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവരും കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.
അതേസമയം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യമന്ത്രി കെ കെ ഷൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കെ കെ ഷൈലജ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങളുപയോഗിച്ചാണ് പ്രതിപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രചാരണം നടത്തുന്നത്.
മന്ത്രിയുടെ ബ്ലൗസിന് മുകളിലൂടെ ഇഞ്ചക്ഷന്‍ എടുക്കുന്നതായാണ് ചിത്രത്തിലുള്ളത്. ഇത് ഫോട്ടോയ്ക്ക് വേണ്ടി മാത്രം അഭിനയിച്ചതാകാനാണ് സാധ്യതയെന്ന വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. തുണിക്ക് മുകളിലൂടെ ഇഞ്ചക്ഷന്‍ എടുക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്തായാലും ഇക്കാര്യത്തില്‍ മന്ത്രിയുടെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്തുനിന്ന് യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല. മന്ത്രിയുടെ പോസ്റ്റിന് താഴെ ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.