26.6 C
Kottayam
Saturday, May 18, 2024

ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ബാധിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം

Must read

എറണാകുളം:ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ പദ്ധതിയിൽ പ്രവൃത്തികൾ പൂർത്തിയാക്കിയ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിച്ചതായി ബ്രേക്ക്ത്രൂ സാങ്കേതികസമിതി ചെയര്‍മാന്‍ ആര്‍. ബാജി ചന്ദ്രന്‍ അറിയിച്ചു. ബ്രേക്ക്ത്രൂ ഒന്നാംഘട്ടത്തിൽ കോര്‍പ്പറേഷന്‍ പരിധിയിലെ അടഞ്ഞതും മൂടപ്പെട്ടുപോയതുമായ ഓടകൾ നവീകരിക്കുന്ന പ്രവൃത്തികളായിരുന്നു. ആ പദ്ധതികൾ എല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിച്ചിരുന്നു.

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാന തോടുകളും കായല്‍മുഖങ്ങളും എക്കലും മറ്റ് തടസ്സങ്ങളും നീക്കി നഗരാതിര്‍ത്തിക്കകത്ത് വരുന്ന മഴവെള്ളം പൂര്‍ണ്ണമായും കായലിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി പ്രധാന തോടുകളായ കാരണക്കോടം, ചങ്ങാടംപോക്ക്, ചിലവന്നൂര്‍, കോയിത്തറകനാല്‍, മുല്ലശ്ശേരി കനാല്‍, തേവര കായല്‍മുഖം, പേരണ്ടൂര്‍ കായല്‍മുഖം, ഇടപ്പള്ളി തോട് എന്നീ പ്രധാന പദ്ധതികൾ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ മുല്ലശ്ശേരി കനാല്‍ ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തീകരിച്ചു.

നഗരപരിധിയിലെ പ്രധാന കനാലായ തേവര- പേരണ്ടൂര്‍ കനാല്‍ നവീകരണം അമൃത് പദ്ധതിയില്‍ ഉൾപ്പെടുത്തി നടത്തുന്നതിനാല്‍ ഈ കനാല്‍ ബ്രേക്ക്ത്രൂ പദ്ധതിയില്‍ ഉൾപ്പെട്ടിരുന്നില്ല. ഇന്നലെ രാത്രിയും പുലര്‍ച്ചയുമായി ഉണ്ടായ കനത്തമഴയില്‍ ബ്രേക്ക്ത്രൂ പദ്ധതിയിൽ പ്രവൃത്തികൾ പൂർത്തിയാക്കിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടില്ല. കടലില്‍ രണ്ടടിയോളം വെള്ളം പൊങ്ങിയിട്ടും ബ്രേക്ക്ത്രൂവില്‍ ഉൾപ്പെടുത്തി നവീകരിച്ച കനാലുകളില്‍ ഒഴുക്ക് സുഗമമായിരുന്നു. കെ.എസ്.ആർ.ടി.സി ബസ്റ്റാന്റ് പരിസരത്ത് വെള്ളക്കെട്ട് ഉണ്ടാകുവാന്‍ കാരണം മുല്ലശ്ശേരി കനാലിന്റെ ആദ്യ ഭാഗങ്ങളില്‍ ബെഡ് ലെവല്‍ ഉയര്‍ത്തിക്കൊണ്ടുള്ള കോണ്‍ക്രീറ്റ് നിർമ്മാണമാണ്.

ബ്രേക്ക്ത്രൂ പദ്ധതിയില്‍ നവീകരിച്ചിട്ടു പ്രധാനകനാലുകളുടെ ഒരു ഭാഗത്തും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കമ്മട്ടിപ്പാടം, പനമ്പിള്ളിനഗര്‍, വടുതല, എന്നീ ഭാഗങ്ങൾ ടി.പി കനാലിന്റെ വശങ്ങളാണ്. നിലവില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പ്രദേശങ്ങളിലെ പ്രധാന തോടായ തേവര-പേരണ്ടൂര്‍ കനാലില്‍ ബ്രേക്ക്ത്രൂ പദ്ധതിയുടെ പ്രവര്‍ത്തനങ്ങൾ നടന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week