ഗോയിയാനിയ: നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. ടൂർണമെന്റിലെ തുടർച്ചയായ നാലാം വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ബ്രസീലിനെതിരേ മികച്ച പ്രകടനമാണ് ഇക്വഡോർ കാഴ്ചവെച്ചത്.
ബ്രസീലിനായി എഡെർ മിലിട്ടാവോയും ഇക്വഡോറിനായി ഏംഗൽ മീനയും ലക്ഷ്യം കണ്ടു. സമനില വഴങ്ങിയെങ്കിലും ബ്രസീൽ ബി ഗ്രൂപ്പിൽ ചാമ്പ്യന്മാരായി. ഒരു മത്സരം പോലും വിജയിക്കാതെ നാലുമത്സരങ്ങളിൽ നിന്നും മൂന്ന് പോയന്റുകൾ നേടി നാലാം സ്ഥാനത്തെത്തിയാണ് ഇക്വഡോർ അവസാന എട്ടിൽ ഇടം നേടിയത്.
ക്വാർട്ടർ ഫൈനൽ ബെർത്ത് നേരത്തേ ഉറപ്പിച്ചതിനാൽ വലിയ അഴിച്ചുപണികൾ നടത്തിയാണ് പരിശീലകൻ ടിറ്റെ ബ്രസീൽ ടീമിനെ ഇക്വഡോറിനെതിരായി ഇറക്കിയത്. നെയ്മർ, ഗബ്രിയേൽ ജെസ്യൂസ്, കാസെമിറോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം പകരക്കാരുടെ പട്ടികയിലാണ് ഇടം നേടിയത്.
മത്സരം തുടങ്ങിയപ്പോൾ തൊട്ട് ഇക്വഡോർ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. പത്താം മിനിട്ടിൽ ഇക്വഡോറിന്റെ വലൻസിയ എടുത്ത ലോങ്റേഞ്ചർ ബ്രസീൽ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 14-ാം മിനിട്ടിൽ ബ്രസീലിന്റെ ലൂക്കാസ് പക്വേറ്റയുടെ ലോങ്റേഞ്ചർ ഇക്വഡോർ ഗോൾകീപ്പർ ഗലിൻഡെസ് തട്ടിയകറ്റി.
16-ാം മിനിട്ടിൽ ഇക്വഡോറിന്റെ പ്രധാന താരങ്ങളിലൊരാളായ മോയ്സസ് കസീഡോ പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. കസീഡോയ്ക്ക് പകരം ഏംഗൽ മീന ടീമിനൊപ്പം ചേർന്നു. 17-ാം മിനിട്ടിൽ ബ്രസീലിന്റെ ബാർബോസയ്ക്ക് മികച്ച ഒരവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.
27-ാം മിനിട്ടിൽ ലൂക്കാസിന്റെ ഗോളെന്നുറച്ച ഷോട്ട് ഇക്വഡോർ പോസ്റ്റിലുരുമ്മി കടന്നുപോയി. ആദ്യ മിനിട്ടുകളിൽ ബ്രസീൽ ആക്രമണങ്ങൾക്ക് വേണ്ടത്ര വേഗം കൈവരിക്കാനായില്ല.
ഒടുവിൽ 37-ാം മിനിട്ടിൽ ബ്രസീൽ ഇക്വഡോറിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് മത്സരത്തിൽ ലീഡെടുത്തു. പ്രതിരോധതാരം എഡെർ മിലിട്ടാവോയാണ് ബ്രസീലിനായി ഗോൾ നേടിയത്. എവർട്ടൺ എടുത്ത ഫ്രീകിക്കിലൂടെയാണ് ഗോൾ പിറന്നത്.
എവർട്ടൺ ഇക്വഡോർ ബോക്സിലേക്ക് ഉയർത്തിവിട്ട ഫ്രീകിക്ക് കൃത്യമായി സ്വീകരിച്ച മിലിട്ടാവോ മികച്ച ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു.ബ്രസീലിനുവേണ്ടി താരം നേടുന്ന ആദ്യ ഗോളാണിത്. 2021 കോപ്പ അമേരിക്കയിൽ ബ്രസീലിനായി ഗോൾ നേടുന്ന ഒൻപതാമത്തെ താരവുമാണ് മിലിട്ടാവോ.
ആദ്യ പകുതിയിൽ പിന്നീട് മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനായി ഇക്വഡോർ പരമാവധി ശ്രമിച്ചെങ്കിലും ബ്രസീൽ പ്രതിരോധത്തെ മറികടക്കാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. 50-ാം മിനിട്ടിൽ പ്രെസിയാഡോയുടെ ലോങ്റേഞ്ചർ ബ്രസീൽ ക്രോസ് ബാറിലേക്ക് പറന്നിറങ്ങാൻ ശ്രമിച്ചെങ്കിലും ഗോൾകീപ്പർ അലിസൺ പന്ത് തട്ടിയകറ്റി. പിന്നാലെ വലൻസിയയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞില്ല.
എന്നാൽ മഞ്ഞപ്പടയെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ 53-ാം മിനിട്ടിൽ ഇക്വഡോർ സമനില ഗോൾ നേടി. പകരക്കാരനായി എത്തിയ ഏംഗൽ മീനയാണ് ഇക്വഡോറിന്റെ രക്ഷകനായത്. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് സ്വീകരിച്ച മീന ഗോൾകീപ്പർ അലിസണിന് അവസരം നൽകാതെ മികച്ച ഒരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ ബ്രസീൽ വിയർത്തു.
ഗോൾ നേടിയതോടെ ഇക്വഡോർ ആക്രമണ ഫുട്ബോൾ കാഴ്ചവെച്ചു. പകരക്കാരായി വിനീഷ്യസും കാസെമിറോയും വന്നതോടെ ബ്രസീലിന്റെ ശൈലിയിൽ മാറ്റങ്ങൾ വന്നു. ഇതോടെ മത്സരം ആവേശത്തിലായി. 66-ാം മിനിട്ടിൽ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. വിജയം നേടുന്നതിനായി ബ്രസീൽ പരിശീലകൻ എവർട്ടൺ റിബേറോയെയും റിച്ചാർലിസണിനെയുമെല്ലാം കളത്തിലിറക്കി.
80-ാം മിനിട്ടിൽ ഇക്വഡോറിന്റെ നായകനും കുന്തമുനയുമായ വലൻസിയ പരിക്കേറ്റ് പുറത്തായത് ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.
കാസെമിറോയും വിനീഷ്യസും റിച്ചാർലിസണുമെല്ലാം രണ്ടാം പകുതിയിൽ ബ്രസീലിനായി ഗ്രൗണ്ടിലെത്തിയിട്ടും വിജയ ഗോൾ നേടാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല. 2021 കോപ്പ അമേരിക്കയിലെ ആദ്യ സമനില വഴങ്ങി ബ്രസീൽ ക്വാർട്ടറിലേക്ക് മുന്നേറി.