ആനി ശിവയ്ക്ക് സ്ഥലം മാറ്റം ഇനി എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക്
തിരുവനന്തപുരം: പ്രതിസന്ധികളോട് പോരാടി കേരളാ പൊലീസിൽ സബ് ഇൻസ്പെക്ട്ടറായി ജോലി നേടി വാർത്തകളിൽ ഇടംപിടിച്ച വര്‍ക്കല സബ് ഇന്‍സ്‌പെക്ടർ ആനി ഇനി എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക്. നേരത്തെ നൽകിയ അപേക്ഷ പരിഗണിച്ച് ആനിക്ക് സ്ഥലംമാറ്റം അനുവദിച്ചു. കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വർക്കലയിൽ നിന്നും എറണാകുളത്തേക്ക് മാറ്റിയത്.
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ സ്വപ്നങ്ങളുമായി മുന്നേറി സബ് ഇന്‍സ്‌പെക്ടറായി വർക്കലയിൽ ജോലിയിൽ പ്രവേശിച്ച ആനിയുടെ കഥ വലിയ വാർത്തയായിരുന്നു. 20ാം വയസ്സില്‍ ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ച് പിഞ്ചു കുഞ്ഞിനെയും മാറോട് ചേര്‍ത്തുപിടിച്ച് വീടുവിട്ടിറങ്ങിയ ആനി പ്രതിസന്ധികളിൽ തളരാതെ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സബ് ഇന്‍സ്‌പെക്ടറായി കാക്കിയണിഞ്ഞത്.
പതിനെട്ടാം വയസില്‍ ഡിഗ്രി ആദ്യ വര്‍ഷം പഠിക്കുമ്പോളാണ് ആനി വിവാഹിത ആകുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതോടെ കുടുബവുമായുള്ള ബന്ധം നഷ്ടമായി. ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആനി എട്ടു മാസം പ്രായമായ മകനുമായി ചെറിയ ജോലികൾ ചെയ്താണ് ജീവിച്ചത്. ജോലികൾക്കിടയിലും പഠിപ്പ് മുടക്കിയില്ല. വിദൂര വിദ്യാഭ്യാസം വഴി എംഎ പൂർത്തിയാക്കി. തുടർന്നാണ് സുഹൃത്തിന്റെ സഹായത്തോടെ എസ്ഐ പരീക്ഷ എഴുതുന്നതും ജോലി ലഭിക്കുന്നതും.