ന്യൂഡല്‍ഹി: ഇ.പി. ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പി.ബി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ വിഷയമടക്കം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി വിഷയത്തില്‍ ആദ്യമായി പ്രതികരണം നടത്തിയിട്ടുള്ളത്. പി. ജയരാജന്റെ ആരോപണം മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ തന്ത്രപരമായ ചുവടുമാറ്റം എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ സി.പി.എമ്മിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉച്ചയ്ക്ക് നടക്കുന്ന പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയാകുമെന്നാണ് യെച്ചൂരി നേരത്തെ പ്രതികരിച്ചത്. ഇ.പി. ജയരാജനെതിരേയുള്ള ആരോപണം ചര്‍ച്ചയാകുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പൊതുരാഷ്ട്രീയ വിഷയങ്ങളും കേരളത്തിലെ നിലവിലുള്ള വിഷയങ്ങളും ചര്‍ച്ചയാകും എന്നായിരുന്നു മറുപടി.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ജയരാജന്‍ വിഷയമാണ്. എന്നാല്‍, ഇതേക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ഇ.പി. ജയരാജന് അനധികൃത സമ്പാദ്യമുണ്ടെന്ന പി. ജയരാജന്റെ ആരോപണമാണ് സിപിഎമ്മില്‍ പുകയുന്നത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജന്റെ ആരോപണം. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത തെറ്റുതിരുത്തല്‍ രേഖയുടെ ചര്‍ച്ചയില്‍ ഇ.പി.ക്കെതിരേ പി. ജയരാജന്‍ തുറന്നടിക്കുകയായിരുന്നു.
”ആദ്യം ഇ.പി.യായിരുന്നു ആയുര്‍വേദ റിസോര്‍ട്ടിന്റെ ഡയറക്ടര്‍, പിന്നീട് ഭാര്യയും മകനും ഡയറക്ടര്‍മാരായി. റിസോര്‍ട്ടിന്റെപേരില്‍ ഇ.പി. അനധികൃതമായി സ്വത്തുണ്ടാക്കി. ഉത്തമബോധ്യത്തിലും ആധികാരികതയുടെ അടിസ്ഥാനത്തിലുമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ മറുപടി പറയവേ, ആരോപണം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തള്ളിയില്ല. പകരം, രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നായിരുന്നു മറുപടി. നല്‍കാമെന്ന് പി. ജയരാജന്‍ അറിയിച്ചു. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധിയെടുത്തിട്ടുള്ള ഇ.പി. പങ്കെടുത്തിരുന്നില്ല.