കൊച്ചി: കൊച്ചിക്കാരുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടയിടമായ മറൈൻ ഡ്രൈവ് വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുന്നതിന്റെ ഭാഗമായി രാത്രിയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു. രാത്രി 10 മണി മുതൽ രാവിലെ അഞ്ചുമണിവരെ മറൈൻ ഡ്രൈവ് വാക്ൿവേയിലേക്ക് പ്രവേശനം പൂർണമായും നിരോധിക്കാനൊരുങ്ങുകയാണ് കൊച്ചി കോർപറേഷൻ. ഇതിന്റെ ഭാഗമായി മറൈൻ ഡ്രൈവ് നടപ്പാതയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനും തീരുമാനിച്ചു.
ജിസിഡിഎ അംഗീകൃത ബങ്ക് ഷോപ്പുകൾ അല്ലാതെ മറ്റൊരു കച്ചവടവും പ്രദേശത്ത് അനുവദിക്കില്ലെന്നു കൊച്ചി മേയർ അഡ്വ. അനിൽ കുമാർ അറിയിച്ചു. മേയറുടെയും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ ചേർന്ന വിവിധ ഏജൻസികളുടെ യോഗത്തിലാണ് തീരുമാനം.
മറൈൻ ഡ്രൈവ് ഷോപ്പിങ് മാളിൽ ഉണ്ടാകുന്ന ജൈവ മാലിന്യം സംസ്‌കരിക്കുവാൻ ഒരു കമ്പോസ്റ്റിങ് യൂണിറ്റ് അനുയോജ്യമായ സ്ഥലത്ത് ആരംഭിക്കാനും യോഗം തീരുമാനിച്ചു. നിലവിലുള്ള സെക്യൂരിറ്റി സംവിധാനം മിലിട്ടറി റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ സംവിധാനത്തെ ഏൽപ്പിച്ച് എണ്ണം വർധിപ്പിച്ചേക്കും.
പോലീസിന്റെയും പോർട്ടിന്റെയും സഹായത്തോടെ അംഗീകൃത ബോട്ട് ഉടമകളുടെ യോഗം വിളിക്കുകയും ബോട്ടിൽനിന്ന് വരുന്ന മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാനും അനധികൃത ബോട്ട് സർവീസുകൾ പൂർണമായും അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചു.
വാക്ൿവേയിൽ വരുന്ന വേസ്റ്റ് സിഎസ്എംഎൽ കരാറുകാർ തരംതിരിച്ച് കണ്ടെയ്നറിൽ സൂക്ഷിക്കുന്നത് കോർപറേഷൻ നീക്കം ചെയ്യാനും ഒപ്പം ഈ മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആഴ്ചയിൽ ഒരു നിശ്ചിത ദിവസം കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടികെ അഷ്റഫിന്റെ നേതൃത്വത്തിൽ ഒരു ടൈം ടേബിൾ ഉണ്ടാക്കി യോഗം ചേർന്ന് വിലയിരുത്തുമെന്നും യോഗത്തിൽ അറിയിച്ചു.
സ്ഥലത്ത് പുതിയതായി ക്യാമറകളും വേണ്ടത്ര വെളിച്ച സംവിധാനങ്ങളും ഏർപ്പെടുത്തും. ക്യാമറകളുടെ പ്രവർത്തനവും നിരന്തരമായി നിരീക്ഷിച്ച് വേണ്ട നടപടികൾ കൈക്കൊള്ളും. തീരുമാനങ്ങൾ ഈ മാസം 25 മുതൽ ഒരു മാസത്തേയ്ക്ക് കർശനമായി നടപ്പിലാക്കുകയും അവലോകനം നടത്തിയ ശേഷം ഒക്ടോബർ 25 മുതൽ പ്രാവർത്തികമാക്കുകയും ചെയ്യും.