എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ട്- ഇന്ത്യ (ENGvIND) ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. ജോണി ബെയര്‍സ്‌റ്റോ (114*), ജോ റൂട്ട് (142*) എന്നിവര്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ബോര്‍ഡ് ഇന്ത്യ: 416, 245 & ഇംഗ്ലണ്ട്: 284, 378.
378 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ ആദ്യ സെഷനില്‍ വിജയം കണ്ടെത്തി. നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 259 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അറ്റാക്കിംഗ് ക്രിക്കറ്റ് തുടര്‍ന്ന ബെന്‍ സ്‌റ്റോക്‌സും സംഘവും അനായാസം വിജയം കണ്ടെത്തി. 269 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. വിജയത്തില്‍ നിര്‍ണായകമായതും ഈ കൂട്ടുകെട്ട് തന്നെയായിരുന്നു.
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് തുടങ്ങുമ്പോഴേ ഇന്ത്യ ബാക്ക്ഫൂട്ടിലായിരുന്നു. ഇംഗ്ലണ്ടിനെ തളക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ അലക്‌സ് ലീസും (56) സാക് ക്രോളിയും (46) ചേര്‍ന്ന് അടിച്ചുപറത്തി. തകര്‍ത്തടിച്ച ലീസാണ് കൂടുതല്‍ ആക്രമിച്ചു കളിച്ചത്. 44 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ലീസിന് ക്രോളി മികച്ച പിന്തുണ നല്‍കി.
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഇംഗ്ലീഷ് ഓപ്പണര്‍മാരെ മെരുക്കാന്‍ പിച്ചില്‍ നിന്ന് യായൊരു സഹായവും ലഭിക്കാഞ്ഞതോടെ ഒമ്പതാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചു. എന്നാല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇംഗ്ലീഷ് ഓപ്പണര്‍മാരെ വീഴ്ത്താന്‍ ജഡേജക്കുമായില്ല. 23 ഓവറിലാണ് 4.65 ശരാശരിയില്‍ ഇംഗ്ലണ്ട് 107 റണ്‍സടിച്ചത്.
ചായക്ക് തൊട്ടു മുമ്പ് ക്രോളിയെ(46) മടക്കി ജസ്പ്രീത് ബുമ്ര ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ചായക്കുശേഷമുള്ള ആദ്യ പന്തില്‍ ഒലി പോപ്പിനെ പൂജ്യനായി മടക്കിയ ബുമ്ര ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയായിരുന്ന അലക്‌സ് ലീസ്(56) റണ്ണൗട്ടായി. രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടടമായതോടെ ഇംഗ്ലണ്ട് ഒന്നുലഞ്ഞു. എന്നാല്‍ ഏത് തകര്‍ച്ചയിലും പതറാതെ ബാറ്റും വീശുന്ന ജോ റൂട്ടും കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ പതുക്കെ കരകയറ്റി.