റൂട്ട് ക്ലിയറാക്കി ജോ ! രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ടോപ് ക്ലാസ് റൂട്ട് ! രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

കാർഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. നാലുവിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യയെ 233 റൺസിന് ഓൾഔട്ടാക്കിയ ഇംഗ്ലീഷ് നിര 44.1 ഓവറിൽ ആറുവിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 99 റൺസുമായി പുറത്താവാതെ നിന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. നാലുവിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ഇന്ത്യക്കായിരുന്നു ജയം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിൽ തന്നെ പതറി. എട്ടുറൺസിനിടെ ടീമിന് രണ്ടുവിക്കറ്റ് നഷ്ടമായി. ബെൻ ഡക്കറ്റ് ഡക്കായി മടങ്ങിയപ്പോൾ ജേക്കബ് ബെത്തൽ നാലുറൺസെടുത്ത് പുറത്തായി. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ ജോ റൂട്ട് പിന്നീട് ഇംഗ്ലീഷ് നിരയെ കരകയറ്റുന്നതാണ് കണ്ടത്. റൂട്ട് ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. ഹാരി ബ്രൂക്ക്(16), സാം കറൻ(26), ജോസ് ബട്‌ലർ(17) എന്നിവരുമായി റൂട്ട് കൂട്ടുകെട്ടുകളുണ്ടാക്കി. അതോടെ ഇംഗ്ലണ്ട് സ്‌കോർ ഉയർന്നു. മറുവശത്ത് ഇന്ത്യ പ്രതിരോധത്തിലായി.

25.4 ഓവറിൽ 125-5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ റൂട്ടും വിൽ ജാക്ക്‌സും ചേർന്ന് മുന്നോട്ട് നയിച്ചു. അർധസെഞ്ചുറിയുമായി റൂട്ട് കളം നിറഞ്ഞു. 72 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് റൂട്ടും വിൽ ജാക്‌സും ചേർന്ന് പടുത്തുയർത്തിയത്. വിൽ ജാക്‌സ് 30 റൺസുമായി പുറത്താകുമ്പോൾ ടീം 197 റൺസിലെത്തിയിരുന്നു. പിന്നീട് ഗസ് ആറ്റ്കിൻസണുമായി(23) ചേർന്ന് റൂട്ട് ടീമിനെ ജയത്തിലെത്തിച്ചു. 44.1 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. 133 പന്തിൽ നിന്ന് 99 റൺസുമായി റൂട്ട് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പിയായി. ഒൻപത് ഫോറുകളടങ്ങുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 233 റൺസിന് ഓൾഔട്ടായിരുന്നു. വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികളാണ് ടീമിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മറ്റുതാരങ്ങൾക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. രോഹിത് ശർമ 26 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 31 റൺസെടുത്തു. ഇഷാൻ കിഷന് വെറും ഒരു റൺ മാത്രമാണ് നേടാനായത്. കോലിയും അയ്യരും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ 170 കടത്തിയത്. കോലി 65 റൺസെടുത്തും അയ്യർ 66 റൺസെടുത്തും മടങ്ങി. പിന്നീട് വന്നവർ നിരനിരയായി മടങ്ങിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 233 ൽ അവസാനിച്ചു. ഇംഗ്ലണ്ടിനായി ജൊഫ്ര ആർച്ചർ, ഗസ് ആറ്റ്കിൻസൺ എന്നിവർ മൂന്നുവീതം വിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News