ടെഹ്റാൻ: ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ആറാം രാത്രിയിലാണ് യു.എസ് ഇറാനെ ആക്രമിക്കുന്നത്. ബന്ദർ അബ്ബാസടക്കമുള്ള നഗരങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബന്ദർ അബ്ബാസിലെ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ ആക്രമിച്ചതായാണ് വിവരം. തെക്കൻ ഇറാനിലുള്ള രണ്ട് പാലങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. രണ്ടുപേർ കൊല്ലപ്പെട്ടതായും ഒട്ടേറെപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അതിനിടെ ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയാണ് അമേരിക്ക. കഴിഞ്ഞദിവസം അഹ്‌വാസ് നഗരത്തിലെ ഷാഹിദ് ബഗേയി ആശുപത്രിക്കുനേരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു. ആക്രമണത്തെത്തുടർന്ന്, അസുഖബാധിതരായ കുട്ടികളെയും മറ്റുരോഗികളെയും അടിയന്തരമായി ഒഴിപ്പിച്ചു.
ആക്രമണം വ്യാഴാഴ്ച രാജ്യത്തിന്റെ വടക്കുഭാഗത്തേക്കു വ്യാപിപ്പിച്ച യു.എസ്. ഹോർമുസ് കടലിടുക്കിൽ ബുധനാഴ്ച പ്രാബല്യത്തിൽവന്ന നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഒരു ചരക്കുകപ്പലും ആക്രമിച്ചു.കുറോസോയുടെ പതാകയുള്ള ‘ബെൽമ’ എന്ന എണ്ണക്കപ്പലാണ് ആക്രമണത്തിനിരയായത്. ഇറാന്റെ തന്ത്രപ്രധാന എണ്ണക്കയറ്റുമതികേന്ദ്രമായ ഖാർഗ് ദ്വീപിലേക്കു പോവുകയായിരുന്നു കപ്പൽ. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ പോക്കുവരവു തടയാൻ ലക്ഷ്യമിട്ടാണ് യു.എസിന്റെ ഉപരോധം. മറുപടിയായി ബഹ്‌റൈൻ, ജോർദാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ യു.എസ്. താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു.


