കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. 12 മണിക്കൂറോളം നേരമാണ് എൻഫോഴ്‌സ്‌മെന്റ് രവീന്ദ്രനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ രാവിലെ 10.30 ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. നിർണായക വിവരങ്ങളാണ് രവീന്ദ്രനിൽ നിന്നും ലഭിച്ചതെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച്ച രാവിലെ 8.45 നാണ് സി എം രവീന്ദ്രൻ ഇഡി ഓഫീസിലെത്തിയത്. നാലാം തവണ നോട്ടീസ് അയച്ചതിനെ തുടർന്നാണ് രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരായത്. മുൻപ് മൂന്ന് തവണ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അസുഖ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് രവീന്ദ്രൻ ഹർജി നൽകിയ ഹൈക്കോടതി തള്ളിയിരുന്നു.