കൊളംബോ: ശ്രീലങ്കയില്‍ സാന്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി കാണിച്ച് പ്രസിഡന്റ് ഗോത്തബയ രാജപക്‌സെ ഉത്തരവിറക്കി. ഭരണസഖ്യമായ പൊതുജന പെരുമന (എസ്എല്‍പിപി)യുടെ ഭാഗമായ അന്പതോളം എംപിമാര്‍ സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പിന്‍വലിച്ച് പ്രസിഡന്റ് ഉത്തരവിറക്കിയത്.
ഭരണസഖ്യത്തിലെ അന്പതോളം എംപിമാര്‍ പാര്‍ലമെന്റില്‍ സ്വതന്ത്രഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതു ഗോത്തബയയ്ക്കു കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍, രാജിവയ്ക്കില്ലെന്ന നിലപാടിലാണു ഗോത്തബയ. അതേസമയം, തിങ്കളാഴ്ച സ്ഥാനമേറ്റ ധന മന്ത്രി അലി സബ്രി ചൊവ്വാഴ്ച രാജിവച്ചതു ഗോത്തബയയ്ക്കു മറ്റൊരു തിരിച്ചടിയായി. സഹോദരന്‍ ബേസില്‍ രാജപക്‌സെയെ നീക്കിയായിരുന്നു സബ്രിയെ ധനമന്ത്രിയാക്കിയത്. ബേസിലിനെതിരേയായിരുന്നു ജനരോഷം ആളിക്കത്തിയിരുന്നത്.
മുഴുവന്‍ മന്ത്രിമാരും ഞായറാഴ്ച രാത്രി രാജിവച്ചതിനെത്തുടര്‍ന്ന് അലി സബ്രി അടക്കം നാലു മന്ത്രി മാരെ തിങ്കളാഴ്ചയാണു പ്രസിഡന്റ് നിയമിച്ചത്. ജനരോഷം തണുപ്പിക്കാന്‍ പ്രതിപക്ഷത്തെയും ഐക്യ സര്‍ക്കാരിന്റെ ഭാഗമാകാന്‍ പ്രസിഡന്റ് ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷം ക്ഷണം നിരസിച്ചു.
രാജപക്‌സെ കുടുംബം ഒന്നടങ്കം അധികാരമൊഴിയണമെന്നാണു പ്രതിപക്ഷവും പ്രതിഷേധക്കാരും ആ വശ്യപ്പെടുന്നത്. പ്രസിഡന്റ് ഗോത്തബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെയും ജനം തെ രുവിലിറങ്ങിയിരുന്നു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതി വന്‍ ജനക്കൂട്ടം വളഞ്ഞു. 2019ല്‍ അധികാരമേറ്റപ്പോള്‍ സുപ്രധാന വകുപ്പുകളെല്ലാം കൈക്കലാക്കിയതു രാജപക്‌സെ കുടുംബമായിരുന്നു.