അനധികൃത നിര്‍മാണത്തിനെതിരെ പരാതിപ്പെട്ടു; മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് വെട്ടിപ്പൊളിച്ചു

കോഴിക്കോട്: അനധികൃത നിര്‍മാണത്തിനെതിരെ പരാതിപ്പെട്ടതിന് മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് വെട്ടിപ്പൊളിച്ചു. കോഴിക്കോട് കല്ലായി സ്വദേശി യഹിയയുടെ വീട്ടിലാണ് ആക്രമണം നടന്നത്. മസ്ജിദിന്റെ ശുചിമുറിയിലെ എക്സ്ഹോസ്റ്റ് ഫാന്‍ യഹിയയുടെ വീടിന് അഭിമുഖമായാണ് സ്ഥാപിച്ചത്.

ഇത് ചോദ്യം ചെയ്ത് യഹിയ കോര്‍പ്പറേഷനില്‍ പരാതി നല്‍കിയിരുന്നു. ശുചിമുറി നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയ കോര്‍പ്പറേഷന്‍ ഇത് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടു. ഇതിനു പിന്നാലെ മാരകായുധങ്ങളുമായെത്തിയ ആക്രമി സംഘം വീട് വെട്ടിപ്പൊളിക്കുകയായിരുന്നു.

പിക്കാസ് ഉപയോഗിച്ച് ടൈല് പതിപ്പിച്ച വീടിന്റെ പടികള്‍ വെട്ടിപ്പൊളിച്ചു. ചുറ്റുമതിലും അടിച്ചു തകര്‍ത്തു. കൊല്ലുമെന്നും കൈയും കാലും വെട്ടുമെന്നും ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്നും യഹിയ പറഞ്ഞു. തങ്ങള്‍ക്കെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്നും കുടുംബത്തെ ഒറ്റപ്പെടുത്തുന്നുവെന്നും യഹിയ പരാതിപ്പെട്ടു.

സംഭവത്തില്‍ മസ്ജിദ് നൂറാനിയ സെക്രട്ടറി ജംഷി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്നും ആക്രമികളെ അറിയില്ലെന്നുമാണ് മസ്ജിദ് കമ്മിറ്റിയുടെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News