മേഴ്സിക്കുട്ടിയമ്മക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇ.എം.സി.സി ഡയറക്ടര്‍ നാമനിര്‍ദേശ പത്രിക നല്‍കി

കൊല്ലം: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ് നാമനിര്‍ദേശ പത്രിക നല്‍കി. കുണ്ടറ മണ്ഡലത്തില്‍ മത്സരിക്കാനായി ഷിജു വര്‍ഗീസ് കൊല്ലം കളക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞതും പ്രചരിപ്പിച്ചതും കള്ളങ്ങളാണെന്നും അത് കുണ്ടറയിലെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തന്റെ മത്സരമെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. എന്നാല്‍ ഷിജു വര്‍ഗീസിന്റെ മത്സരം ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.

അതേസമയം ഇഎംസിസി ഉടമകളോടൊപ്പമുള്ള മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി ന്യൂയോര്‍ക്കില്‍ വച്ച് ഉടമകളുമായി ചര്‍ച്ച നടത്തി. കടലോര മക്കളെ തീറെഴുതിയ സര്‍ക്കാരിന് എതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി ആകാശം വിറ്റപ്പോള്‍ പിണറായി വിജയന്‍ കടല്‍ വിറ്റെന്നും ചെന്നിത്തല പറഞ്ഞു. കുണ്ടറയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ വച്ചാണ് ചെന്നിത്തല സംസാരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News