സന്‍ഫ്രാന്‍സിസ്കോ: 2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്ന പ്രസ്താവനയുമായി എലോൺ മസ്ക്. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്. എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ സിഇഒ ആയി തുടരാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. വളരെക്കാലമായി ട്വിറ്ററിനെ നയിക്കാനുള്ള മികച്ച സിഇഒയെ തേടുകയായിരുന്നു മസ്ക്.
മുമ്പ്, ആ റോൾ ഏറ്റെടുക്കാൻ മതിയായ “വിഡ്ഢി”യെ കണ്ടെത്തുന്ന ദിവസം, താൻ ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ താൻ എപ്പോൾ സിഇഒ സ്ഥാനം ഒഴിയുമെന്നതിനെ കുറിച്ച് കൃത്യമായി പങ്കുവെച്ചിരിക്കുകയാണ് മസ്‌ക്. മസ്‌ക് തന്റെ വളർത്തുനായ ഫ്ലോക്കി എന്ന ഷിബ ഇനു വിഭാഗത്തിലുള്ള പട്ടിയെ ചിത്രമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നായയെയാണ് പുതിയ ട്വിറ്റർ സിഇഒ ആയി പരിചയപ്പെടുത്തിയത്. തന്‍റെ നായയെ അഗർവാളിനേക്കാൾ മികച്ച സിഇഒ എന്ന് വിളിച്ച് മുൻ സിഇഒ പരാഗ് അഗർവാളിനെയും അദ്ദേഹം പരിഹസിച്ചു.
കമ്പനി ഏറ്റെടുത്ത ഉടൻ തന്നെ മസ്‌ക് ട്വിറ്ററിന്റെ ഉന്നത മാനേജ്‌മെന്റിനെ പുറത്താക്കിയിരുന്നു. സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ നെൽ സെഗാൾ, പോളിസി ചീഫ് വിജയ ഗാഡ്ഡെ എന്നിവരെല്ലാം ഉൾപ്പെട്ടതായിരുന്നു ഈ മാനേജ്മെന്റ്. പുതിയ സിഇഒ ആയി ആരെയെങ്കിലും കണ്ടെത്തിയാൽ ഉടൻ തന്നെ രാജിവയ്ക്കുമെന്ന് ഡിസംബർ 21 ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.കമ്പനിയുടെ സിഇഒ ആയി തുടരണമോ എന്ന് ചോദിച്ച് അദ്ദേഹം ട്വിറ്ററിൽ ഒരു വോട്ടെടുപ്പ് പോലും നടത്തി.