മലപ്പുറത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും മരണം. ചുണ്ടത്തുംപൊയില്‍ കോനൂര്‍കണ്ടി വടക്കേതടത്തില്‍ സെബാസ്റ്റ്യന്‍ (58) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമെന്നാണ് നിഗമനം.

അവിവാഹിതനും ഒറ്റയ്ക്ക് താമസിക്കുകയും ചെയ്യുന്ന സെബാസ്റ്റ്യനെ തേടി രാവിലെ 9ന് സഹോദരന്‍ സ്ഥലത്ത് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ എത്താതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
നിരവധി തവണ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.

നാട്ടുകാരുടെ നേതൃത്വത്തില്‍ വനാതിര്‍ത്തിക്കും കൃഷി സ്ഥലത്തിനുമിടയില്‍ കാടുവെട്ടി തെളിച്ചിരുന്നു. കൃഷിസ്ഥലങ്ങളില്‍ കാട്ടാനക്കൂട്ടം കടന്നു കയറി നാശനഷ്ടം ഉണ്ടാകുന്നത് പതിവായിരുന്നു.
ഏപ്രില്‍ 17ന് ചാത്തല്ലൂര്‍ ചോലാര്‍ മലയില്‍ ആദിവാസി കോളനിയിലിറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ കടുങ്ങി കോളനിവാസി മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News