തിരുവനന്തപുരം:വൈദ്യുതി ബില്ല് -ഫിക്സഡ് ചാര്‍ജ്ജില്‍ ഇളവ്
കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക് ഡൗണിന്റെ ഫലമായി സംസ്ഥാനത്തെ ഒട്ടേറെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇങ്ങിനെ വൈദ്യുതി ഉപഭോഗം കുറഞ്ഞ സാഹചര്യത്തിലും ഫിക്സഡ് ചാര്‍ജ്ജ് ബാദ്ധ്യതയാകുന്നു എന്ന നിലയില്‍ പരാതിയുയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ ഫിക്സഡ് ചാര്‍ജ്ജ് ആറുമാസത്തേക്ക് മാറ്റിവെക്കുന്നതിനും ഇതിന് ഈടാക്കുന്ന പലിശ 18%ത്തില്‍ നിന്ന് 12% ആയി കുറക്കുന്നതിനും തീരുമാനിച്ചിരുന്നു.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഫിക്സഡ് ചാര്‍ജ്ജില്‍ ഇളവ് അനുവദിക്കണമെന്ന നിരവധി ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബഹു മുഖ്യമന്ത്രി വൈദ്യുതി ബോര്‍ഡിനോട് ഫിക്സഡ് ചാര്‍ജില്‍ ഇളവു നല്‍കാനും പലിശ ഒഴിവാക്കാനും നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ഇക്കാര്യം ബഹു. വൈദ്യുതി മന്ത്രി ശ്രീ എം. എം. മണി വൈദ്യുതി ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന തീരുമാനങ്ങള്‍ എടുത്തു.
ബഹു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കണക്കിലെടുത്തുകൊണ്ട് വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടേയും സ്വകാര്യ അശുപത്രികളുടേയും ലോക്ക് ഡൗണ്‍ കാലയളവിലെ (2020മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ) വൈദ്യുതിബില്ലിലെ ഫിക്സഡ് ചാര്‍ജ്ജില്‍ 25% ഇളവ് നല്‍കുന്നതിന് തീരുമാനിച്ചു. ഫിക്സഡ് ചാര്‍ജ്ജിലെ ബാക്കി തുക അടക്കുന്നതിന് 2020 ഡിസംബര്‍ 15 വരെ സാവകാശം നല്‍കുന്നതിനും ആയതിന് ഈ കാലയളവില്‍ പലിശ ഈടാക്കേണ്ടതില്ല എന്നും തീരുമാനിച്ചു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവില്‍ വലിയ വൈദ്യുതി ബില്ലുകള്‍ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ കുടുംബാംഗങ്ങളെല്ലാം വീടുകളില്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതാണ് ബില്ലുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായതെന്നാണ് മനസ്സിലാക്കുന്നത്.
എങ്കിലും ഇക്കാര്യത്തില്‍ ലഭിക്കുന്ന എല്ലാ പരാതികളും വിശദമായി പരിശോധിക്കാന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. ബില്‍ തുക ഒന്നിച്ച് അടക്കുന്നതിന് പ്രയാസമുള്ള ഉപഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലയലവിലെ വൈദ്യുതി ബില്ലുകളില്‍ പകുതി അടക്കുന്ന പക്ഷം ബാക്കി തുകക്ക് രണ്ടു തവണകള്‍ അനുവദിക്കുന്നതാണെന്നും തീരുമാനിച്ചു.