NationalNews

ഇലക്‌ട്രിക് ബൈക്കിന്റെ ബാറ്ററിയിൽ നിന്ന് തീപടർന്നു; മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം

ന്യൂഡൽഹി: ന്യൂയോർക്കിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ഹാർലെമിലുള്ള സെന്റ് നിക്കോളാസ് അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഫസീൽ ഖാൻ (27) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.

കൊളംബിയ ജേർണലിസം സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ ഫസീൽ ഖാൻ ഹെക്കിംഗർ റിപ്പോർട്ട് എന്ന മാദ്ധ്യമത്തിൽ ഡാറ്റ ജേർണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. കൊളംബിയ സർവകലാശാലയിലെ ടീച്ചേർസ് കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

2018ൽ ബിസിനസ് സ്റ്റാൻഡേർഡിൽ ആണ് ഫസീൽ ഖാൻ കരിയർ ആരംഭിച്ചത്. 2020ൽ കൊളംബിയ സർവകലാശാലയിൽ ബിരുദപഠനത്തിനായി പോകുന്നതിന് മുൻപ് ഡൽഹിയിൽ സിഎൻഎൻ-ന്യൂസ് 18ൽ കറസ്‌പോണ്ടന്റായി ജോലി നോക്കിയിരുന്നു.

ഇലക്‌ട്രോണിക് ബൈക്കിലെ ലിഥിയം- അയോൺ ബാറ്ററിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് ന്യൂയോർക്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീപിടിത്തത്തിന് പിന്നാലെ ഫസീലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണപ്പെടുകയായിരുന്നു. അപകടത്തിൽ 17 പേർക്ക് ഗുരുതര പൊള്ളലേറ്റു.

അപ്പാർട്ട്‌മെന്റിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടർന്നത്. തുടർന്ന് ആളുകൾ ജനലുകളിൽ നിന്നട‌ക്കം ചാടി രക്ഷപ്പെടുകയായിരുന്നു. തീപടർന്നതോടെ കെട്ടിടത്തിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button