ന്യൂഡല്‍ഹി: ലോക്സഭയിലേക്കും അഞ്ച് സംസ്ഥാനങ്ങളിലെ നിയസമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ചെലവാക്കിയത് 820കോടി രൂപ. 516കോടി രൂപയാണ് 2014ല്‍ സംഘടന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത്. 2014ലെക്കാള്‍ 59ശതമാനം വര്‍ധനവാണ് 2019ല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉണ്ടായിരിക്കുന്നത്.
2014ല്‍ ബിജെപി ചെലവാക്കിയത് 714കോടി രൂപയായിരുന്നു. എന്നാല്‍ 2019ലെ കണക്ക് ബി.ജെ.പി പുറത്ത് വിട്ടിട്ടില്ല. ഒക്ടോബര്‍ 31ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ തെരഞ്ഞെടുപ്പ് ചെലവ് കണക്കിലാണ് കോണ്‍ഗ്രസ് തുക വ്യക്തമാക്കിയിരക്കുന്നത്. ഇതില്‍ 626.3കോടി പാര്‍ട്ടിയുടെ പൊതു പ്രചാരണത്തിന് വേണ്ടി ചെലവാക്കിയപ്പോള്‍, 193.9കോടി രൂപ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരിന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മാത്രം സിപിഎം 6.4കോടിയും സിപിഐ 16കോടിയും ചെലവാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് പത്തുകോടി ചെലവാക്കിയപ്പോള്‍ മായാവതിയുടെ ബിഎസ്പി ഒരു പൈസയും ചെലവാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശരദ് പവാറിന്റെ എന്‍സിപി 11.7കോടി ചെലവാക്കിയപ്പോള്‍ ജെഡിഎസ് 4.5കോടിയും ജെഡിയു 6.64കോടിയും ചെലവാക്കി. സമാജ്വാദി പാര്‍ട്ടി 5.5കോടിയുടെ കണക്ക് കാണിക്കുമ്പോള്‍ ശിവസേന 6.5കോടി ചെലവാക്കിയെന്ന് പറയുന്നു.