ചെന്നൈ: ട്രെയിനിൽ നിന്ന് കോടികൾ പിടികൂടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ളൈയിംഗ് സ്‌ക്വാഡ്. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. നാലുകോടി രൂപയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ബിജെപി പ്രവർത്തകർ അടക്കം നാലുപേർ അറസ്റ്റിലായി.
ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേയ്ക്ക് പോവുകയായിരുന്ന നെല്ലയ് എക്‌സ്‌പ്രസ് ട്രെയിനിന്റെ എസി കമ്പാർട്ട്‌മെന്റിൽ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫ്ളൈയിംഗ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം എത്തിച്ചതെന്ന് മൊഴിയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
തമിഴ്‌നാട്ടിൽ ഏപ്രിൽ 19നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. പതിനേഴിന് വൈകിട്ട് പ്രചാരണം അവസാനിക്കും. ഇതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. മതിയായ രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ കൊണ്ടുപോവുകയാണെങ്കിൽ പിടിവീഴും. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായാണിത്. കൂടാതെ രാഷ്ട്രീയ പ്രമുഖരുടെ സ്വകാര്യ വാഹനങ്ങളും ഫ്ളൈയിംഗ് സ്‌ക്വാഡ് പരിശോധിക്കുന്നുണ്ട്.