ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷരിലിന്റെ വീട്ടിൽ സിപിഎം നേതാക്കൾ;സന്ദർശനം ബന്ധമില്ലെന്ന് ആവർത്തിക്കുന്നതിനിടെ
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷരിലിന്റെ വീട്ടിൽ സി.പി.എം. നേതാക്കളെത്തി. പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർകുമാറും പൊയിലൂർ എൽ.സി. അംഗം എ. അശോകനുമാണ് എത്തിയത്. ബോംബ് ഉണ്ടാക്കിയ കേസിലെ പ്രതികളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന വാദത്തിന് പിന്നാലെയാണ് സിപിഎം നേതാക്കൾ ഷരിലിന്റെ വീട്ടിലെത്തിയത്.
ആളൊഴിഞ്ഞസ്ഥലത്തെ നിർമാണം പൂർത്തിയാകാത്ത വീടിന്റെ ടെറസിൽ വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സ്ഫോടനം. ബോംബ് നിർമാണത്തിനിടെയായിരുന്നു അപകടമെന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു.
മരിച്ച ഷരിലിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പുത്തൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്കാരമടക്കമുള്ള നടപടികളുണ്ട്. മൃതദേഹം വീട്ടിൽ എത്തിക്കുന്നതിന് മുമ്പാണ് സിപിഎം നേതാക്കൾ ഷരിലിന്റെ വീട്ടിൽ എത്തിയത്.
ബോംബ് നിർമ്മാണത്തിലെ പ്രധാനപ്രതികളായ ഷിരിലും വിനീഷും സിപിഎം പ്രവർത്തകരെ മർദിച്ച സംഭവമുണ്ടായിരുന്നുവെന്നും നേരത്തെ തന്നെ ഇവരെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പറഞ്ഞത്.
എന്നാൽസംസ്കാര ചടങ്ങിലോ മൃതദേഹം ഏറ്റുവാങ്ങുന്നതിലോ പാർട്ടി എന്നനിലയിൽ ആരും പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള പറഞ്ഞത്.
പാർട്ടിയുമായി പ്രതികൾക്ക് ബന്ധമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പാർട്ടി സഖാക്കൾ ഉൾപ്പെടെ അക്രമിച്ച കേസിൽ പ്രതികളാണ് ഇവരെന്ന് ചൂണ്ടിക്കാണിച്ചാണ്. പാർട്ടി എന്ന നിലയിൽ മൃതദേഹം ഏറ്റുവാങ്ങുന്നതിലോ സംസ്കാരചടങ്ങിലോ പങ്കെടുത്തിട്ടില്ല. പാർട്ടിക്കാരായ ബന്ധുക്കൾ ആരെങ്കിലും പോയിട്ടുണ്ടോ എന്ന കാര്യം പറയാൻ പറ്റില്ല. മരിച്ച വീട്ടിൽ പോകുക എന്നത് അതൊരു മനുഷ്വത്യപരമായ കാര്യമാണ്. പാർട്ടി എന്ന നിലയിൽആരും പോയിട്ടില്ല- പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള പറഞ്ഞു.
പാനൂർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നാദാപുരത്തും പോലീസിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. നേരത്തെ സ്ഫോടക വസ്തുക്കൾ പിടികൂടിയവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. ഒഴിഞ്ഞ പറമ്പുകൾ, പെരിങ്ങത്തൂർപുഴയോരം തുടങ്ങിയിടങ്ങളിലാണ് പരിശോധന.