തിരുവനന്തപുരം: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്, ബലാത്സംഗ പരാതി ഉന്നയിക്കാൻ വൈകിയത് കണക്കിലെടുത്ത്. ഇര ഉന്നത യോഗ്യതകൾ ഉള്ള ആളാണെന്ന് വിലയിരുത്തിയ കോടതി, പരാതിക്കാരി ഒരിക്കലും ഏതെങ്കിലും തരത്തിലുള്ള തടവിൽ ആയിരുന്നില്ല എന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. സംഭവം ഉണ്ടായി എന്ന് പറയുന്ന സമയത്തിന് ശേഷം നൽകിയ മൊഴിയിലും പരാതിയിലും ബലാത്സംഗ കാര്യം പറഞ്ഞില്ല. ഡോക്ടർക്ക് മുന്നിലും ഇക്കാര്യം ഉന്നയിച്ചില്ല – കോടതി ചൂണ്ടിക്കാട്ടി.
ആരോപിതൻ എംഎൽഎ ആണെന്നതും കോടതി കണക്കിലെടുത്തു. എൽദോസിന് മുൻകാല ക്രിമിനൽ പശ്ചാത്തലം ഇല്ല. എൽദോസുമായി വിവാഹ ബന്ധം സാധ്യവുമല്ല എന്ന് പരാതിക്കരിക്ക് ബോധ്യം ഉണ്ടായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
ഇരുവരും തമ്മിൽ നിരന്തര ആശയവിനിമയം നടന്നിരുന്നു. പരാതിക്കാരിയും പ്രതിയും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്നതും മുൻകൂർ ജാമ്യം നൽകുന്നതിൽ കോടതി കണക്കിലെടുത്തു.
അതേസമയം അധ്യാപികയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കർശന ഉപാധികളോടെയാണ് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. 11 ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി കോടതി നിർദേശിച്ചിട്ടുള്ളത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, കേരളം വിടരുത് തുടങ്ങി, പാസ്പോർട്ടും ഫോണും സറണ്ടർ ചെയ്യണം എന്നു വരെയുള്ള നിബന്ധനകൾ ഇതിലുൾപ്പെടുന്നു.
തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് എൽദോസിനെതിരെ പൊലീസ് ആദ്യം കേസെടുത്തതെങ്കിലും യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് ബലാത്സംഗ കുറ്റവും വധശ്രമ കുറ്റവും പൊലീസ് ചുമത്തിയിരുന്നു.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ എംഎൽഎ, ഒളിവിലിരുന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎക്ക് മേലുള്ളത്.