വയനാട്:പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന വയോധിക ദമ്പതിമാർ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് പനമരത്തിനടുത്ത നെല്ലിയമ്പടമെന്ന ഗ്രാമത്തിൽ കൊലപാതകം നടന്നത്. റിട്ട. അധ്യാപകൻ കേശവൻ മാസ്റ്റർക്കും ഭാര്യ പത്മാവതിക്കുമാണ് വെട്ടേറ്റത്.ആദ്യം കേശവൻ മാസ്റ്ററും പിന്നാലെ പത്മാവതിയും മരിച്ചു.
നേരെയുമായ അജ്ഞാതരുടെ ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് താഴെ നെല്ലിയമ്പം കാവടത്തെ ജനങ്ങൾ. അപ്രതീക്ഷിതമായെത്തിയ വാർത്ത നാട്ടിലാകെ പരിഭ്രാന്തി സൃഷ്ടിച്ചു.മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേർ വീട്ടിൽ അതിക്രമിച്ച് കയറി കേശവനെ അക്രമിക്കുകയായിരുന്നു. ഉദരഭാഗത്താണ് കേശവന് ഗുരുതരമായി പരിക്കേറ്റത്. പത്മാവതിക്ക് കഴുത്തിനും.
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.റോഡിൽനിന്ന് അല്പം മാറി ആളൊഴിഞ്ഞ ഭാഗത്താണ് ഇവരുടെ വീട്. ഇരുനില വീടിന്റെ മുകൾ ഭാഗത്ത് കൂടെയാണ് അക്രമികൾ വീടിനുള്ളിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം. പത്മാവതിയുടെ അലർച്ച കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു.
മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ, പനമരം, കേണിച്ചിറ, മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രദേശത്ത് വൻ പോലീസ് സന്നാഹം തന്നെ ക്യാമ്പ് ചെയ്തിട്ടുണ്ട്. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി അടക്കമുള്ളവർ രാത്രി സ്ഥലത്തെത്തി.
പ്രതികളെ ഉടൻ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം കോവിഡ് രണ്ടാം തരംഗത്തിനിടെ നാട്ടുകാർക്ക് കൂടി രോഗം പകരാതിരിക്കാൻ വൻ സുരക്ഷാ മുന്നൊരുക്കങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.പനമരം,നീർവാരം സ്കൂളുകളിലും കേശവൻ കായികാധ്യാപകനായിരുന്നു.