വടകര:കെ.കെ.രമ എംഎൽഎയ്ക്കെതിരെ അധിക്ഷേപ പ്രസംഗവുമായി എളമരം കരീം എംപി. കെ.കെ.രമ ഒറ്റുകാരിയാണെന്നും അതിനുകിട്ടിയ പാരിതോഷികമാണ് എംഎൽഎ സ്ഥാനമെന്നും എംഎൽഎ സ്ഥാനം കിട്ടിയതുകൊണ്ട് അഹങ്കരിക്കരുതെന്നും എളമരം കരീം പറഞ്ഞു.
നിയമസഭയിൽ സർക്കാരിനെതിരെ താൻ എടുക്കുന്ന നിലപാടാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു കെ.കെ.രമയുടെ പ്രതികരണം. കഴിഞ്ഞ ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സി.എച്ച്.അശോകൻ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പരാമർശം.
ടി.പി.വധക്കേസിലെ ഒൻപതാം പ്രതിയായിരുന്നു സി.എച്ച്.അശോകൻ. വർഗ ശത്രുക്കളുമായി ചേർന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ വെല്ലുവിളിക്കുകയാണ് രമ. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്താൻ കഴിഞ്ഞുവെന്ന അഹങ്കാരത്തിൽ വലിയ പ്രകടനങ്ങൾ, സമ്മേളനങ്ങൾ ഒക്കെ നടത്തുകയാണ്.
റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയാണത്രേ. എന്താണ് റെവല്യൂഷനറി?. ഈ വലിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എംഎൽഎ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി.എച്ച്.അശോകനെന്നും കരീം പറഞ്ഞു.