കോഴിക്കോട്:നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും (14.09.2023 &15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.
കോഴിക്കോട് ജില്ലയിൽ അടുത്ത 10 ദിവസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും താൽക്കാലികമായി നിർത്തിവയ്ക്കാൻ കലക്ടർ എ. ഗീത ഉത്തരവിട്ടു. കോഴിക്കോട്ട് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു നിർദേശം. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, അതുപോലുള്ള മറ്റു പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തണമെന്നാണ് നിർദ്ദേശം.
വിവാഹം, റിസപ്ഷൻ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കണം. പ്രോട്ടോക്കോൾ അനുസരിച്ചു ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി ഇത്തരം പരിപാടികൾ നടത്തണം. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു മുൻകൂർ അനുമതി വാങ്ങണമെന്നും നിർദ്ദേശമുണ്ട്.
പൊതുജനങ്ങൾ ഒത്തുചേരുന്ന നാടകം പോലുളള കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ മാറ്റിവയ്ക്കേണ്ടതാണ്. നിപ്പ രോഗബാധയുമായി ബന്ധപ്പെട്ടു വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകി. പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികൾ എന്നിവ മാറ്റിവയ്ക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
ജില്ലയിൽ ഒരാൾക്കു കൂടി നിപ്പ സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യ പ്രവർത്തകനാണ് നിപ്പ സ്ഥിരീകരിച്ചത്. ഇതോടെ നിപ്പ ബാധിച്ച ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. രണ്ടു പേർ നിപ്പ ബാധിച്ച് മരിച്ചിരുന്നു. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് ലക്ഷണങ്ങളുണ്ടായിരുത്. ഇതിൽ രണ്ടാമത്തെയാളുടെ ഫലം നെഗറ്റീവ് ആണ്.
മലപ്പുറം മഞ്ചേരിയിലും തിരുവനന്തപുരത്തും നിപ്പ സംശയിച്ച് രണ്ടു പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന്റെ സ്രവങ്ങളാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചത്. നിലവിൽ ലക്ഷണങ്ങൾ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
അതിനിടെ, നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കായക്കൊടി പഞ്ചായത്തിലെ 10,11,12,13 വാർഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 19 വാർഡുകളും തിരുവള്ളൂരിലെ 7, 8, 9 വാർഡുകളും പുറമേരിയിലെ വാർഡ് നാലിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണു പുതിയതായി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
ഇതോടെ ജില്ലയിലെ ഒൻപതു പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണുകളായി. ആയഞ്ചേരി പഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14, 15 വാർഡുകൾ, മരുതോങ്കര പഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14 വാർഡുകൾ, തിരുവള്ളൂർ പഞ്ചായത്തിലെ 1, 2, 7, 8, 9, 20 വാർഡുകൾ, കുറ്റ്യാടി പഞ്ചായത്തിലെ 3, 4, 5, 6, 7, 8, 9, 10 വാർഡുകൾ, കായക്കൊടി പഞ്ചായത്തിലെ 5, 6, 7, 8, 9, 10, 11, 12, 13 വാർഡുകൾ, കാവിലുംപാറ പഞ്ചായത്തിലെ 2, 10, 11, 12, 13, 14, 15, 16 വാർഡുകൾ, വില്യാപ്പള്ളി 3, 4, 5, 6, 7 വാർഡുകൾ, ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 19 വാർഡുകൾ, പുറമേരിയിലെ 13–ാം വാർഡും നാലാം വാർഡിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണു നിലവിൽ കണ്ടെയിൻമെന്റ് സോണുകൾ.