മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി. പ്രമുഖ വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികളുടെ ഫ്ളാറ്റ് തട്ടിയെടുത്ത കേസില്‍ താനെ ജയിലില്‍ കഴിയുന്ന ഇഖ്ബാല്‍ കസ്‌കറിനെയാണ് ഇ.ഡി കസ്റ്റഡിയില്‍ എടുത്തത്.
ഛോട്ടാ ഷക്കീലിന്റെ സഹായി ആയിരുന്ന സലിം ഖുറേഷിയെ ചോദ്യം ചെയ്തതോടെയാണ് പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാവൂദ് ഇബ്രാഹിമിനെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കസ്‌കറിനെ പ്രതി ചേര്‍ത്തത്. ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുടെ മുംബൈയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്നത് കസ്‌കറായിരുന്നു. 2017 സെപ്തംബര്‍ 9 ന് ബില്‍ഡര്‍ സുരേഷ് ജെയിനില്‍ നിന്ന് ഒരു ഫ്ളാറ്റും 90 ലക്ഷം രൂപയും ബലമായി തട്ടിയെടുത്ത കേസില്‍ കസ്‌കര്‍ താനെ ജയിലിലാണ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഫെബ്രുവരി 16 ന് മുംബൈയിലെ പ്രത്യേക കോടതി കസ്‌കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇ.ഡി താനെ ജയിലില്‍ നിന്ന് കസ്‌കറിനെ കസ്റ്റഡിയിലെടുത്തത്.