ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍റെയും ബന്ധുക്കളുടെയും വീട്ടിൽ നടത്തിയ റെയിഡിൽ 2.85 കോടി രൂപ പിടികൂടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പണത്തിന് പുറമെ 1.80 കിലോ വരുന്ന 133 സ്വർണ്ണ നാണയങ്ങൾ, രേഖകൾ എന്നിവയും പിടിച്ചെടുത്തു. സ്വർണ്ണത്തിന്റെയും പണത്തിന്റെയും ഉറവിടം വ്യക്തമാക്കാൻ ബന്ധപ്പെട്ടവർക്കായില്ലെന്നാണ് ഇഡി അറിയിക്കുന്നത്.
സത്യേന്ദർ ജെയിൻ ഭാര്യ പൂനം ജെയിൻ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ മെയ് 30 തിനാണ് കള്ളക്കടത്ത് കേസിൽ അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണ് അദ്ദേഹം.
2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
2017-ല്‍ സിബിഐയും സമാന പരാതിയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു. കേന്ദ്ര ഏജന്‍സികൾ സത്യേന്ദ്ര ജെയിനെ നിരവധി തവണ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. ഇന്ന് ദില്ലിയിലെ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ മന്ത്രിക്കെതിരെ ബിജെപി കള്ളക്കേസെടുക്കുകയാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്.