തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ മുന്‍മന്ത്രി എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടില്‍നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ആരംഭിച്ച റെയ്ഡ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് അവസാനിച്ചത്. അഞ്ചുമണിയോടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ എ.സി. മൊയ്തീന്റെ വീട്ടില്‍നിന്ന് മടങ്ങി.
അന്വേഷണവുമായി സഹകരിക്കുമെന്ന് എ.സി. മൊയ്തീന്‍ പ്രതികരിച്ചു. അവര്‍ വീട്ടില്‍ക്കയറി എല്ലാസ്ഥലവും പരിശോധിച്ചു. തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭാര്യയുടേയും മകളുടേയും പേരിലുള്ള വസ്തുവിന്റെ വിവരങ്ങളടക്കം അവര്‍ പരിശോധിച്ചു. പുസ്തകങ്ങള്‍ വെച്ച റാക്കില്‍പ്പോലും എന്തെങ്കിലുമുണ്ടോ എന്നതരത്തില്‍ സൂക്ഷ്മതയുള്ള പരിശോധനയായിരുന്നു. പരിശോധിക്കുന്നതില്‍ വിരോധമൊന്നുമില്ല. പരിശോധന നടത്തിയതിന്റെ സ്‌റ്റേറ്റ്‌മെന്റ് തന്ന് അവര്‍ മടങ്ങിയെന്നും എ.സി. മൊയ്തീന്‍ റെയ്ഡിനുശേഷം പ്രതികരിച്ചു.
വീട്ടില്‍നിന്ന് യാതൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എ.സി. മൊയ്തീന്‍ അവകാശപ്പെടുന്നത്. കേസില്‍ അറസ്റ്റിലായവരുടെ മൊഴിയത്തുടര്‍ന്നാണ് മുന്‍മന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്.
മൊയ്തീന്‍ സഹകരണമന്ത്രിയായിരിക്കേയാണ് കരുവന്നൂര്‍ തട്ടിപ്പ് മൂര്‍ധന്യത്തിലെത്തിയത്. 2016 മുതല്‍ 2018 വരെയായിരുന്നു മൊയ്തീന്‍ സഹകരണമന്ത്രിയായിരുന്നത്. ഇതിനുമുമ്പേതന്നെ തട്ടിപ്പ് സംബന്ധിച്ച് സഹകരണ ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഈ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകാത്തതിനാല്‍ മൊയ്തീന്‍ മന്ത്രിയായിരിക്കേ സഹകരണ രജിസ്ട്രാര്‍മാരായിരുന്നവര്‍ മന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ നടപടിയെടുക്കാതെ തട്ടിപ്പുമറയ്ക്കാനാണ് മൊയ്തീന്‍ ശ്രമിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. ഇക്കാര്യം സംബന്ധിച്ച് 2021 ജൂലായ് 20-ന് ഇ.ഡി. രേഖകള്‍ സമ്പാദിച്ചു. 2022 ഓഗസ്റ്റ് പത്തിനും 25-നും ബാങ്കിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഇതിനുശേഷമാണ് മൊയ്തീന്റെ പങ്കുസംബന്ധിച്ച് വ്യക്തികളില്‍നിന്ന് വിവരങ്ങളും രേഖകളും മൊഴിയും ശേഖരിച്ചത്.
മുന്‍ സഹകരണരജിസ്ട്രാര്‍മാര്‍, കരുവന്നൂര്‍ തട്ടിപ്പിന്റെ പേരില്‍ സി.പി.എമ്മില്‍നിന്ന് പുറത്താക്കിയ ജില്ലാകമ്മിറ്റിയംഗം സി.കെ. ചന്ദ്രന്‍, പ്രധാന പ്രതികളായ ബാങ്ക് മുന്‍മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജില്‍സ്, പ്രധാനപ്രതിയായ മുന്‍ സെക്രട്ടറി സുനില്‍കുമാറിന്റെ അച്ഛന്‍ എന്നിവരും തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന് പങ്കുണ്ടെന്ന് മൊഴി നല്‍കിയിരുന്നു.
ഇ.ഡി. തെളിവെടുപ്പിനായി വിളിപ്പിച്ച ബാങ്കിലെ മുന്‍ മാനേജര്‍ ഇന്‍ ചാര്‍ജ് എം.വി. സുരേഷ് മൊയ്തീനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറി. ഈ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
സായുധസേനയുമായി ചൊവ്വാഴ്ച വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ ഇ.ഡി. റെയ്ഡിന് എത്തുമ്പോള്‍ മൊയ്തീന്‍ അവിടെയുണ്ടായിരുന്നു. കൊച്ചിയില്‍നിന്നുള്ള പന്ത്രണ്ടംഗസംഘമാണ് പരിശോധന നടത്തിയത്.